അപകീര്‍ത്തി കേസില്‍ മേധ പട്കര്‍ക്ക് 5 മാസം തടവ്, 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ന്യൂഡല്‍ഹി: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവ്. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.
13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്‌സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഓഗസ്റ്റ് ഒന്ന് വരെ മേധാ പട്കര്‍ക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

കേസില്‍ വെറുതെ വിടണമെന്ന് മേധാ പട്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയുടെ പ്രായവും അവശതകളുമെല്ലാം പരിഗണിച്ച് കടുത്ത ശിക്ഷ നല്‍കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. അതേസമയം സത്യത്തെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല. ഞങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയിട്ടില്ല. ഞങ്ങളുടെ ജോലി മാത്രമാണ് ചെയ്തത്.
തീര്‍ച്ചയായും ഈ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും മേധാ പട്കര്‍ വ്യക്തമാക്കി. 2000 മുതല്‍ മേധാ പട്കറും സക്‌സേനയും തമ്മില്‍ നിയമപോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. നര്‍മദ ബച്ചാവോ ആന്ദോളനിനെതിരെയും തനിക്കെതിരെയും സക്‌സേന പരസ്യങ്ങള്‍ നല്‍കിയെന്ന് കാണിച്ച് മേധ പട്കര്‍ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം സക്‌സേനയ്‌ക്കെതിരെ മേധാ പട്കര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തെറ്റായ കാര്യങ്ങളുണ്ടെന്നും, അത് തന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും സക്‌സേന പറഞ്ഞിരുന്നു. ആ സമയം അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
മെയ് 24ന് ഡല്‍ഹി കോടതി മേധാ പട്കര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം സക്‌സേനയുടെ പ്രതിച്ഛായയെ മോശക്കാകുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു. ഇത് കുറ്റകരമാണെന്നും കോടതി പറഞ്ഞിരുന്നു. അപകീര്‍ത്തിക്കേസ് പ്രകാരം പരമാവധി രണ്ട് വര്‍ഷം തടവ് ശിക്ഷയോ അതല്ലെങ്കില്‍ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ലഭിക്കുക.












Click it and Unblock the Notifications