'ധനുഷ് ഞങ്ങളുടെ മകന്‍'; ദമ്പതികള്‍ വീണ്ടും കോടതിയില്‍, നടന് ഹൈക്കോടതി നോട്ടീസ്
ചെന്നൈ: തമിഴ് നടന്‍ ധനുഷ് ഞങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ രംഗത്ത്. ഇക്കാര്യം നിഷേധിച്ച് ധനുഷ് ജനന സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും യോഗ്യതയുമെല്ലാം വിശദീകരിക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കി. ഈ രേഖകള്‍ വ്യാജമാണെന്ന് ദമ്പതികള്‍ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളി. തുടര്‍ന്ന് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ഹര്‍ജിയില്‍ മതിയായ പരിശോധന നടത്താതെ മജിസ്‌ട്രേറ്റ് കോടതി തള്ളി എന്നായിരുന്നു ആക്ഷേപം. ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇപ്പോള്‍ നടന്‍ ധനുഷിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കേസ് മറ്റൊരു ദിവസം പരിഗണിക്കും. ഏറെ ആശ്ചര്യപ്പെടുത്തുന്ന ഹര്‍ജിയാണിത്.
Recommended Video

മധുരയിലെ മേലൂര്‍ സ്വദേശികളായ ആര്‍ കതിരേശന്‍, കെ മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. കതിരേശന് 70 വയസും മീനാക്ഷിക്ക് 60 വയസുമുണ്ട്. ഈ പ്രായത്തില്‍ ജോലിക്ക് പോകാന്‍ സാധിക്കില്ലെന്നും ധനുഷ് പ്രതിമാസം 65000 രൂപ വീതം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. ചെറുപ്പത്തില്‍ കാണാതായ ഞങ്ങളുടെ മകനാണ് ധനുഷ്. സ്‌കൂളിലേക്ക് പോയ ശേഷം തിരിച്ചുവന്നില്ല. സിനിമാ മോഹമുള്ള വ്യക്തിയായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ കണ്ടതോടെയാണ് ഞങ്ങളുടെ മകനാണെന്ന് ബോധ്യമായത്- തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ വൃദ്ധ ദമ്പതികള്‍ ചൂണ്ടിക്കാട്ടുന്നത്.
ദമ്പതികളുടെ വാദം തള്ളുകളാണ് ധനുഷ് ചെയ്തത്. തന്റെ മാതാപിതാക്കളുടെ പേരുകള്‍ വിശദമാക്കുന്ന രേഖകള്‍ അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. ദമ്പതികളുടെ മകന്റെ ശരീരത്തിലുണ്ടെന്ന് പറയുന്ന അടയാളങ്ങള്‍ തന്റെ ശരീരത്തില്‍ ഇല്ലെന്ന കാര്യവും ബോധിപ്പിച്ചു. എന്നാല്‍ ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ ചികില്‍സ വഴി മായ്ച്ചുകളഞ്ഞതാകാമെന്നും ദമ്പതികള്‍ വാദിച്ചു.
രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മധുരയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 5 തള്ളുകയാണ് ചെയ്തത്. ആധികാരികമല്ലാത്ത വാദങ്ങളാണ് ദമ്പതികള്‍ ഉന്നയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. മാത്രമല്ല, ഞങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ കോടതി തയ്യാറായില്ല എന്നും അവര്‍ ബോധിപ്പിച്ചു.
ഈ ഹര്‍ജിയില്‍ ധനുഷിന് സമന്‍സ് അയച്ചിരിക്കുകയാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. കേസ് പിന്നീട് പരിഗണിക്കുമെന്നും ജസ്റ്റിജ് ജികെ ഇലന്തിരയ്യന്‍ അറിയിച്ചു. ഞങ്ങളുടെ കാണാതായ മകനാണ് ധനുഷ്. സിനിമയില്‍ കണ്ടപ്പോഴാണ് ഇക്കാര്യം മനസിലായത്. തുടര്‍ന്ന് ധനുഷിനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഞങ്ങള്‍ മകനെ തിരിച്ചുകിട്ടണം- ഈ വാദത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് വൃദ്ധ ദമ്പതികള്‍.












Click it and Unblock the Notifications