സുമന്‍ തല്‍വാര്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി സംബന്ധിച്ച് സൂചന... തിരഞ്ഞെടുപ്പ് അടുക്കവെ
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ സുമന്‍ തല്‍വാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 700ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പൊതുപരിപാടിയിലാണ് സുമന്‍ തല്‍വാര്‍ രാഷ്ട്രീയ പുനഃപ്രവേശം സൂചിപ്പിച്ചത്.
1977ല്‍ നീചല്‍ കുളം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ മേഖലയില്‍ തുടക്കമിട്ട സുമന്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രമുഖ നടന്മാരില്‍ ഒരാളായി മാറുന്നതാണ് കണ്ടത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹം സൂചിപ്പിച്ച കാര്യം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയിലും തെലങ്കാനയിലും രണ്ടു പാര്‍ട്ടികളെ പിന്തുണച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

തെലങ്കാനയില്‍ ഭരണകക്ഷിയായ കെ ചന്ദ്രശേഖര റാവു നേതൃത്വം നല്‍കുന്ന ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) യെ പിന്തുണയ്ക്കുമെന്ന് സുമന്‍ തല്‍വാര്‍ പറഞ്ഞു. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നടന്ന പരിപാടിയിലാണ് സുമന്‍ രാഷ്ട്രീയം വ്യക്തമാക്കിയത്. അതേസമയം, ആന്ധ്രയില്‍ ടിഡിപിക്കൊപ്പം നില്‍ക്കാനുള്ള താല്‍പ്പര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് നടന്റെ പ്രതികരണം.
ടിഡിപിയില്‍ ചേരുമെന്ന് സുമന്‍ പ്രത്യക്ഷമായി പറഞ്ഞില്ല. എന്നാല്‍ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ടിഡിപിയെ പുകഴ്ത്തിയാണ് അദ്ദേഹം പരിപാടിയില്‍ സംസാരിച്ചത്. 1999ലാണ് സുമന്‍ ടിഡിപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഔദ്യോഗിക ചുമതലകളൊന്നുമുണ്ടായിരുന്നില്ല. 2004ല്‍ അദ്ദേഹവും ആരാധകരും ബിജെപിയിലേക്ക് മാറി. കുറച്ച് കാലത്തിന് ശേഷം സജീവ രാഷ്ട്രീയം വിടുകയായിരുന്നു.
ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും നടനുമായിരുന്ന എന്‍ടി രാമറാവുവിന്റെ ജന്മദിനാഘോഷം വിജയവാഡയില്‍ വലിയ ആഘോഷമായി കൊണ്ടാടിയിരുന്നു. പരിപാടിക്കെത്തിയ നടന്‍ രജനികാന്ത്, രാമറാവുവിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതിനെതിരെ ആന്ധ്ര ഭരണകക്ഷി വൈസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, രജനികാന്തിനെ ന്യായീകരിച്ച് കൊണ്ടാണ് പരിപാടിയില്‍ സുമന്‍ തല്‍വാര്‍ സംസാരിച്ചത്. രജനിയുടെ പ്രസംഗത്തില്‍ തെറ്റായി ഒന്നും തോന്നുന്നില്ല എന്ന് സുമന്‍ പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയെയോ നേതാക്കളെയോ മോശമാക്കി കാണേണ്ടതില്ല. ചന്ദ്രബാബു നായിഡുവിനെ കുറിച്ച് രജനി പറഞ്ഞതെല്ലാം സത്യമാണ്. ഹൈദരാബാദിനെ ഐടി ഹബ്ബാക്കുന്നതില്‍ നായിഡു നിര്‍ണായകമായ പങ്ക് വഹിച്ചുന്നും സുമന്‍ തല്‍വാര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഏതൊരാള്‍ക്കും കയറ്റവും ഇറക്കവുമുണ്ടാകും. ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ്. എങ്കിലും ഹൈദരാബാദിനെ ഇന്നത്തെ രീതിയിലേക്ക് ഉയര്‍ത്തിയത് നായിഡു ആണെന്നും സുമന്‍ പറഞ്ഞു. കഴിഞ്ഞ 45 വര്‍ഷമായി സിനിമാ രംഗത്തുള്ള വ്യക്തിയാണ് 63കാരനായ സുമന്‍ തല്‍വാര്‍.












Click it and Unblock the Notifications