വിജയ് മല്‍സരിക്കുന്ന മണ്ഡലം ധാരണയില്‍; നരേന്ദ്ര മോദി നോട്ടമിട്ട തീരം, പദ്ധതി പ്രഖ്യാപനം 28ന്
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) നിഷേധിക്കുകയായിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി വിജയിയും പാര്‍ട്ടിയും ഒരുങ്ങുന്നു എന്നായിരുന്നു മറുപടി.
ഒരു വര്‍ഷം മാത്രമാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്. എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. ബിജെപിയുമായി അണ്ണാഡിഎംകെ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഒറ്റയാള്‍ പട്ടാളമായി വിജയുടെ ടിവികെ വരുന്നത്.

അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും തമിഴ്‌നാടിന്റെ ഭരണം പിടിക്കുകയുമാണ് ടിവികെയുടെ ലക്ഷ്യം. വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് നേതാക്കളും അണികളും ആവര്‍ത്തിക്കുന്നു. ഏത് മണ്ഡലത്തിലാണ് വിജയ് മല്‍സരിക്കുക എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. ഒന്നിലധികം മണ്ഡലങ്ങളില്‍ ഗ്രൗണ്ട് സര്‍വെ പാര്‍ട്ടി നടത്തുന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് രൂപരേഖ വരുന്ന 28ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിച്ചേക്കും.
എന്തുകൊണ്ട് രാമനാഥപുരം
തീരദേശ മേഖലയായ രാമനാഥപുരം മണ്ഡലത്തില്‍ വിജയ് മല്‍സരിക്കാനാണ് സാധ്യത എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും രാമനാഥപുരം മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഇവിടെയുള്ള തീരദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് ടിവികെയുടെ തീരുമാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി രാമനാഥപുരത്ത് നിന്ന് മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, യുപിയിലെ വരാണസിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കന്‍ നാവിക സേന പിടികൂടുന്ന തമിഴ് മല്‍സ്യത്തൊഴിലാളികള്‍ രാമനാഥപുരത്തുള്ളവരാണ്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയില്‍ പ്രതിഷേധം സജീവമാണ്. വിഷയത്തില്‍ അടുത്തിടെ വിജയ് പ്രതികരിച്ചിരുന്നു. ഡിഎംകെയെയും ബിജെപിയെയും കുറ്റപ്പെടുത്തിയായിരുന്നു വിജയുടെ പ്രതികരണം. കേന്ദ്രവും സംസ്ഥാനവും വേണ്ടത്ര താല്‍പ്പര്യം വിഷയത്തില്‍ എടുക്കുന്നില്ല എന്നും വിജയ് കുറ്റപ്പെടുത്തി.
നാഗപട്ടണത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ വിജയ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാമനാഥപുരത്തെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയാണ് വിജയ് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം എന്ന് ടിവികെ നേതാക്കള്‍ പറയുന്നു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശ പ്രകാരമാണ് വിജയ് നടത്തുന്ന ഓരോ നീക്കങ്ങളും.
വര്‍ഷങ്ങളായി തന്റെ ആരാധക കൂട്ടായ്മയിലൂടെ സന്നദ്ധ സേവനം നടത്തിവരികയായിരുന്നു വിജയ്. 2021ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വിജയ് ആരാധകര്‍ വലിയ നേട്ടം കൊയ്തിരുന്നു. പിന്നീടാണ് ടിവികെ പ്രഖ്യാപനമുണ്ടായത്. അടുത്തിടെ കാഞ്ചീപുരത്ത് പാര്‍ട്ടിയുടെ ആദ്യ വാര്‍ഷിക യോഗത്തിന് വിജയ് എത്തിയപ്പോള്‍ കൂടെ പ്രശാന്ത് കിഷോറും ഉണ്ടായിരുന്നു. വിജയുടെ വരവ് ബിജെപിയെ സഹായിക്കാനാണ് എന്നാണ് ഡിഎംകെയുടെ വിമര്‍ശനം. ബിജെപിയും വിജയുടെ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications