വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച
തമിഴ് സൂപ്പർതാരം വിജയ് ചെന്നൈയിലെ തന്റെ ചില സ്വത്തുക്കൾ തിടുക്കത്തിൽ വില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ്, ഭാര്യ സംഗീതയുമായുള്ള വിവാഹമോചനക്കേസ് എന്നീ രണ്ട് പ്രധാന വിഷയങ്ങളാണത്രെ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ. ഈ സാഹചര്യത്തിൽ താരത്തിന്റെ ഓരോ ചുവടുകളും തമിഴ്നാട്ടിലെ രാഷ്ട്രീയ, സിനിമാ ലോകം ഉറ്റുനോക്കുകയാണ്. ഒരു സ്വത്ത് വിറ്റുവെന്നും രണ്ടെണ്ണം ചര്‍ച്ചകള്‍ നടക്കുന്നു എന്നുമാണ് വിവരം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് വിജയുടെ ടിവികെ. നിലവിൽ ഒരു പാർട്ടിയുമായും സഖ്യമില്ലാത്ത ടിവികെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെ-ബിജെപി സഖ്യത്തിലേക്ക് ടിവികെയെ കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വിജയ് അത് തള്ളിക്കളഞ്ഞു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ, ടിവികെയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇതിനിടയിലാണ് ചെന്നൈ അണ്ണാനഗറിലെ തന്റെ ഒരു വസ്തു 35 കോടി രൂപയ്ക്ക് വിജയ് വിറ്റഴിച്ചെന്ന വാർത്ത പുറത്തുവരുന്നത്. ഒരു വർഷത്തിലേറെയായി ഈ വസ്തു വിൽക്കാൻ ചർച്ചകൾ നടന്നിരുന്നെങ്കിലും, അടുത്തിടെ അത് തിടുക്കത്തിൽ വിൽപ്പന പൂർത്തിയാക്കുകയായിരുന്നു. 'ദി വീക്ക്' ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള കോടീശ്വരനായ വിജയ് എന്തിനാണ് ഈ ഘട്ടത്തിൽ തന്റെ സ്വത്തുക്കൾ വിൽക്കുന്നതെന്ന ചോദ്യം പല കേന്ദ്രങ്ങളിലും ഉയർന്നിട്ടുണ്ട്. അന്വേഷണത്തിൽ രണ്ട് സുപ്രധാന കാരണങ്ങൾ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായി. ഒന്നാമത്തേത്, താരത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ നടക്കുന്ന വിവാഹമോചന നിയമനടപടികളാണ്.
വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 20-ന് വിജയ് കോടതിയിൽ ഹാജരാകണം എന്നാണ് നിർദേശം. വിവാഹമോചനം നൽകുമ്പോൾ ഭാര്യക്ക് ജീവനാംശം നൽകേണ്ടി വരുന്ന സാഹചര്യത്തിൽ തന്റെ പേരിലുള്ള സ്വത്തുക്കളുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ജീവനാംശം നിശ്ചയിക്കുക. അതിനാൽ, സ്വത്തുക്കൾ മുൻകൂട്ടി വിറ്റഴിക്കുന്നതിലൂടെ സംഗീതയ്ക്ക് അവയിൽ അവകാശവാദം ഉന്നയിക്കുന്നത് തടയാമെന്ന് വിജയ് കരുതുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പാണ് രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്ഥാനാർത്ഥികൾ തങ്ങളുടെ സ്വത്ത് വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ വരുമാനവും സ്വത്ത് വിവരങ്ങളും വലിയ ചർച്ചാ വിഷയമാകാതിരിക്കാൻ, സ്വത്ത് മൂല്യം കുറച്ചുകാണിക്കാൻ വിജയ് ആഗ്രഹിക്കുന്നതായാണ് വിവരം.
വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ജയലളിതക്ക് നാല് വർഷം തടവ് ശിക്ഷ ലഭിച്ച അനുഭവം വിജയ് കണക്കിലെടുക്കുന്നുണ്ട്. ജയലളിതയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളും അതിലെ സ്വത്ത് വിവരങ്ങളും ഈ കേസിൽ നിർണായക തെളിവുകളായിരുന്നു. സമാനമായ ഒരു സാഹചര്യത്തിൽ കുടുങ്ങാതിരിക്കാൻ, തന്റെ സ്വത്ത് മൂല്യം കുറച്ചുകാണിച്ചുകൊണ്ട് നിയമപരമായ വെല്ലുവിളികൾ ഒഴിവാക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നാണ് സൂചന. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഭാര്യയുടെ ആസ്തി വിവരങ്ങളും വിജയ് കാണിക്കേണ്ടി വരും. സംഗീത ഇക്കാര്യത്തില്‍ സുതാര്യമായ നിലപാട് സ്വീകരിക്കുമോ എന്ന് ടിവികെ നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications