ഇങ്ങനെയൊക്കെ പറയാമോയെന്ന് കോടതി, കസ്തൂരി ശരിക്കും പെട്ടു; മുന്‍കൂര്‍ ജാമ്യമില്ല, അറസ്റ്റിലേക്ക്...
ചെന്നൈ: തമിഴ്നാട്ടിലെ തെലുങ്ക് സമുദായത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. നവംബര്‍ 3 ന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്‌മണ സംഗമത്തില്‍ സംസാരിക്കവെ ആയിരുന്നു കസ്തൂരിയൂടെ വിവാദ പരാമര്‍ശം.
തമിഴ് രാജാക്കന്മാരുടെ അന്തപുരത്തില്‍ പരിചാരകായി സേവിക്കാന്‍ വന്ന തെലുങ്ക് ജനത ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു കസ്തൂരി പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു. നായിഡു മഹാജന സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്തൂരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനഗര്‍ പൊലീസ് സെക്ഷന്‍ 196(1)(എ), 197(1)(സി), 296(ബി), 352, 353(3) എന്നിവയ്ക്കൊപ്പം ഐടി നിയമം സെക്ഷന്‍ 196(1)(എ), 197(1)(സി), 352, 353(3) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്നും തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ കസ്തൂരി സംസാരിക്കുന്നത് ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു. കസ്തൂരിയുടെ മാപ്പപേക്ഷയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണ് എന്നും സംസ്ഥാന ഭരണകൂടത്തിന്റെ അസഹിഷ്ണുതയും പ്രതികാര മനോഭാവവും അങ്ങേയറ്റം ക്രൂരമാണെന്നും കസ്തൂരി തന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രസംഗത്തിന്റെ പേരില്‍ സമൂഹത്തില്‍ കലാപമോ പ്രകോപനമോ ഉണ്ടായിട്ടില്ലെന്നും മറിച്ച്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുടനീളമുള്ള തെലുങ്ക് ജനതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു. തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന് കസ്തൂരിയോട് കോടതി ചോദിച്ചു.
എന്നാല്‍ പരാമര്‍ശം തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമായിരുന്നു കസ്തൂരിയുടെ മറുപടി. തെലുങ്ക് സ്ത്രീകളുടെ സ്വഭാവത്തെയോ സദാചാരത്തെയോ കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല എന്നും കസ്തൂരി പറഞ്ഞു. പരാമര്‍ശങ്ങള്‍ വസ്തുതാപരമായ രീതിയിലാണെന്നും നടി വാദിച്ചു.
എന്നാല്‍ കസ്തൂരിയുടെ ജാമ്യാപേക്ഷയെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. അയല്‍സംസ്ഥാനങ്ങളായ കേരളവുമായും കര്‍ണാടകവുമായും തമിഴ്നാട് പ്രക്ഷുബ്ധമായ ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രസംഗം അനുവദിച്ചാല്‍ അത് ബാക്കിയുള്ള അയല്‍ സംസ്ഥാനങ്ങളുമായുള്ള സംസ്ഥാനത്തിന്റെ യോജിപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ നടിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications