അത് രശ്മികയല്ല, ആ വീഡിയോ വ്യാജം... ഡീപ്‌ഫേക്ക് സൃഷ്ടി; പ്രതികരിച്ച് ബിഗ് ബിയും കേന്ദ്രമന്ത്രിയും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആവിര്‍ഭാവത്തോടെ സാങ്കേതികവിദ്യ വലിയ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്ത് വലിയ കാല്‍വെപ്പാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇതിലെ സാധ്യതകള്‍ക്കൊപ്പം തന്നെ വെല്ലുവിളികളും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാനയുമായി ബന്ധപ്പെട്ടാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ് ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ. ഇത് സൈബര്‍ കുറ്റവാളികളെ മറ്റൊരാളെ അനുകരിക്കുന്നതിനും അവരുടെ ശബ്ദത്തിലും രൂപത്തിലും വരെ മാറ്റം വരുത്താനും സഹായിക്കുന്നു. ഇപ്പോഴിതാ രശ്മിക മന്ദാനയാണ് ഡീപ്‌ഫേക്കിന്റെ ഏറ്റവും പുതിയ ഇര. രശ്മികയുടെ മുഖം വെച്ച് മറ്റൊരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഗ്ലാമറസ് വേഷം ധരിച്ച് രശ്മിക മന്ദാന ലിഫ്റ്റിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒറ്റനോട്ടത്തില്‍ ഇത് രശ്മിക മന്ദാനയല്ല എന്ന് ആരും പറയില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഇത് ഒരു ഡീപ്‌ഫേക്ക് വീഡിയോ ആണ്. സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സ്ത്രീയുടേതാണ് യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സാറ പട്ടേല്‍ ഒക്ടോബര്‍ 8 ന് പങ്ക് വെച്ച വീഡിയോ ആണിത്.
ഇവരുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം വെച്ചാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. എക്സില്‍ 2.4 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു. ഇന്റര്‍നെറ്റിലെ വ്യാജ ഉള്ളടക്കം പ്രചരിക്കുന്നത് തടയാന്‍ നിയമപരമായ നടപടികളുടെ ആവശ്യകതയെ കുറിച്ചും ഇതിലെ ആശങ്ക ഉയര്‍ത്തിക്കൊണ്ടും മാധ്യമപ്രവര്‍ത്തകനായ അഭിഷേക് കുമാര്‍ ആണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
നടന്‍ അമിതാഭ് ബച്ചനും വീഡിയോ പങ്കിട്ടിട്ടുണ്ട്. ഡീപ്‌ഫേക്കുകള്‍ വെല്ലുവിളിയാണെന്നും ശക്തമായ നിയമം ആവശ്യമാണ് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിലുള്ള ഒരു ചിത്രത്തിലോ വീഡിയോയിലോ ഉള്ള വ്യക്തിയെ എഐ ഉപയോഗിച്ച് മറ്റൊരാളുടെ രൂപത്തിലേക്ക് മാറ്റുന്ന സിന്തറ്റിക് വിദ്യയാണ് ഡീപ്‌ഫേക്ക്. പലപ്പോഴും ഇത് സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യാറുണ്ട്.
അതേസമയം രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയില്‍ പ്രതികരിണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ഇത്തരം വ്യാജ വിവരങ്ങള്‍ അതത് പ്ലാറ്റ്ഫോമുകള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാ പൗരന്മാരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തങ്ങളുടെ ഒരു ഉപയോക്താവും തെറ്റായ വിവരങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം എന്നും അഥവാ ആരെങ്കിലും അങ്ങനെ ചെയ്താല്‍ തെറ്റായ വിവരങ്ങള്‍ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യപ്പെടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, റൂള്‍ 7 ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications