ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം വർധിപ്പിച്ച് അദാനി പവർ; 2025ൽ മാത്രം 8.63 ബില്യണ്‍
ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി അദാനി പവർ. ഝാർഖണ്ഡിലെ അദാനിയുടെ ഗോഡ കൽക്കരി നിലയത്തിൽ നിന്നുള്ള വൈദ്യുതി കയറ്റുമതി ഒക്ടോബർ-ഡിസംബർ പാദത്തിൽ മുൻവർഷത്തെക്കാൾ 38 ശതമാനം വർദ്ധിച്ച് മണിക്കൂറിൽ 2.25 ബില്യൺ കിലോവാട്ട് ആയി. ഇതോടെ ബംഗ്ലാദേശിന്റെ മൊത്തം വൈദ്യുതി ആവശ്യകതയുടെ 15.6 ശതമാനം ഇന്ത്യയിൽ നിന്നുള്ള വിതരണമായി. 2024-ൽ ഇത് 12 ശതമാനമായിരുന്നു.
2023-ന്റെ തുടക്കത്തിലാണ് അദാനി പവർ ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചത്. 2025-ൽ റെക്കോർഡ് വിതരണമാണ് രേഖപ്പെടുത്തിയത്. 8.63 ബില്യൺ കിലോ വാട്ട് വൈദ്യുതിയാണ് നൽകിയത്, ഇത് ബംഗ്ലാദേശിന്റെ മൊത്തം വിതരണത്തിന്റെ 8.2% ആയിരുന്നു. ഈ വർഷം ജനുവരിയിലെ ആദ്യ 27 ദിവസങ്ങളിൽ അദാനി പവർ വിഹിതം ഏകദേശം 10 ശതമാനമായി ആയി ഉയർന്നു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടയിലാണ് വൈദ്യുതി വ്യാപാരത്തിലെ ഈ കുതിച്ചുചാട്ടം. നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് ഇരു രാജ്യങ്ങളും അടുത്തിടെ വിസ സേവനങ്ങൾ നിർത്തിവെക്കുകയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര പ്രകൃതിവാതക ഉത്പാദനത്തിലെ കുറവ് മൂലമുള്ള ക്ഷാമം പരിഹരിക്കാൻ ബംഗ്ലാദേശ് വൈദ്യുതി കൂടുതലായി ഇറക്കുമതി ചെയ്യുകയാണ്. പ്രകൃതിവാതകമാണ് രാജ്യത്തെ പ്രധാന ഊർജ്ജ സ്രോതസ്സെങ്കിലും വിതരണത്തിലെ തടസ്സങ്ങളും അടിസ്ഥാന സൗകര്യ പരിമിതികളും അതിന്റെ ലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
2026-ൽ വൈദ്യുതി ആവശ്യകതയിൽ ആറ് മുതൽ ഏഴ് ശതമാനം വരെ വർദ്ധനവ് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡ് ചെയർമാൻ റെസൗൾ കരീം അറിയിച്ചു. ഈ വിതരണത്തിലെ വിടവ് നികത്താൻ ഇറക്കുമതി അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാതക ക്ഷാമം നേരിടാൻ കൽക്കരി അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്. ഊർജ്ജ വിശകലന സ്ഥാപനമായ കെപ്ലർ (Kpler) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 2025-ൽ കൽക്കരി ഇറക്കുമതി 35 ശതമാനം വർദ്ധിച്ച് റെക്കോർഡ് നിലയിൽ 17.34 ദശലക്ഷം മെട്രിക് ടണ്ണായി.
കഴിഞ്ഞ വർഷം വാതകത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം മൊത്തം ഊർജ്ജ മിശ്രിതത്തിന്റെ 42.6 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ദശകത്തിലെ ഏകദേശം മൂന്നിൽ രണ്ട് ഭാഗത്തിൽ നിന്ന് ഇത് റെക്കോർഡ് താഴ്ചയാണ്. ഈ ക്ഷാമം ഇന്ത്യയിൽ നിന്നുള്ള വൈദ്യുതി ഇറക്കുമതിയിലൂടെ ഭാഗികമായി നികത്തി.
ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ വിലനിർണ്ണയത്തിൽ ബംഗ്ലാദേശ് സർക്കാർ സമിതി ആശങ്കകളുയർത്തിയിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം തുടരുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും മേഖലയിലെ ഊർജ്ജപരമായ പരസ്പരാശ്രയത്വം ഇത് അടിവരയിടുന്നു.












Click it and Unblock the Notifications