വോട്ടെണ്ണലിന് മുമ്പ് തോല്‍വി സമ്മതിക്കൂ; അഖിലേഷ് യാദവിനെ പരിഹസിച്ച് കേശവ് പ്രസാദ് മൗര്യ
ലക്‌നൗ: വോട്ടെണ്ണുന്നതിന് മുമ്പ് പരാജയം അംഗീകരിക്കാന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മാര്‍ച്ച് 10 ന് സമാജ്വാദി പാര്‍ട്ടി 'സമാപ്ത് വാദി പാര്‍ട്ടി' ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ണായകമായ സംസ്ഥാനത്ത് രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന വോട്ടിംഗ് പ്രക്രിയയ്ക്ക് സമാപനം കുറിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചാണ് നടന്നത്. ഇതിന് പിന്നാലെയാണ് കേശവ് പ്രസാദ് മൗര്യ അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.
അതേസമയം, നിരവധി എക്സിറ്റ് പോളുകള്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ട്വിറ്ററിലാണ് കേശവ് പ്രസാദ് മൗര്യ ട്വീറ്റുമായി രംഗത്തെത്തിയത്. 'സമാജ്വാദി പാര്‍ട്ടിയുടെയും അഖിലേഷ് യാദവ് ജിയുടെയും അവകാശവാദങ്ങള്‍ പൊളിഞ്ഞു. അതായത് മാര്‍ച്ച് 10 ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സമാജ് വാദി പാര്‍ട്ടിയെ 'സമാപ്ത് വാദി പാര്‍ട്ടി' ആക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

അഖിലേഷ് യാദവ് ജി, വോട്ടെണ്ണലിന് മുമ്പ് തോല്‍വി സമ്മതിക്കൂ. ആകാശത്തോളം ഉയര്‍ന്ന അഹങ്കാരത്തില്‍ നിന്ന് ഭൂമിയിലേക്ക് വരൂ. നിങ്ങളുടെ ചിന്താഗതി ജനങ്ങള്‍ക്കറിയാം, നിങ്ങളുടെ പാര്‍ട്ടിയിലെ ഗുണ്ടകളെ അവര്‍ക്ക് നന്നായി അറിയാം. സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വീണ്ടും ഗുണ്ടാവിളയാട്ടവും കുറ്റകൃത്യങ്ങളും കലാപങ്ങളും അഴിമതിയും അനധികൃത പിടിച്ചുപറിയും ഉണ്ടാകുമെന്ന് അവര്‍ക്കറിയാം. അടുത്ത 25 വര്‍ഷത്തേക്ക് സമാജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി ഇരുട്ടിലാകുമെന്നും മൗര്യ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
അതേസമയം , ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വ്വേ ഫലങ്ങളില്‍ വ്യക്തമാക്കുന്നത് . യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി തുടര്‍ച്ചയായി രണ്ടാം വിജയം നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. അഞ്ചോളം സര്‍വ്വേ ഫലങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മൊത്തം 403 സീറ്റുകളുള്ള ബി ജെ പിക്ക് സഖ്യകക്ഷികള്‍ക്കും 230 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി 151 സീറ്റുകള്‍ നേടുമെന്ന് മിക്ക സര്‍വ്വേകളും പ്രവചിക്കുന്നു . യു പിയില്‍ കേവല ഭൂരിപക്ഷം 202 ആണ് .












Click it and Unblock the Notifications