അഫ്സ്പ; 3 സംസ്ഥാനങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് അമിത് ഷാ
ദില്ലി; അഫ്സ്പ നിയമത്തിന് പരിധിയിൽ വരുന്ന പ്രശ്നബാധിത പ്രദേശങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.അസം, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ സ്ഥലങ്ങളെയാണ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുക. സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.

കലാപം അവസാനിപ്പിക്കാനും വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവരാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ ശ്രമങ്ങളുടെയും നിരവധി കരാറുകളുടെയും ഫലമായി മെച്ചപ്പെട്ട സുരക്ഷാ സാഹചര്യങ്ങളും അതിവേഗ വികസനവും മേഖലയിൽ നടപ്പായി.ഇതിന്റെ ഫലമാണ് അഫ്‌സ്പയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ കുറച്ചതെന്ന് അമിത് ഷാ പറഞ്ഞു.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന നമ്മുടെ വടക്കുകിഴക്കൻ മേഖല ഇപ്പോൾ സമാധാനത്തിന്റെയും സമൃദ്ധിയുടെയും അഭൂതപൂർവമായ വികസനത്തിന്റെയും ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ഷാ പറഞ്ഞു.
1942 ആഗസ്റ്റ് 15നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ചില മേഖലകളിൽ സംഘര്‍ഷങ്ങളും അസ്വസ്ഥതകളും തുടർന്നതോടെ നിയമം തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അസമിലായിരുന്നു ആദ്യം അഫ്സ്പ നടപ്പാക്കിയത്. തുടർന്ന് ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കി. പിന്നീട് ജമ്മു കാശ്മീരിലും പഞ്ചാബിലും നിയമം നടപ്പാക്കിയിരുന്നു.
എന്നാൽ 2008 ല്‍ പഞ്ചാബ് അഫ്‌സ്പ പിന്‍വലിച്ചു. പിന്നീട് 2015 ല്‍ ത്രിപുരയും 2018 ല്‍ മേഘാലയയും നിയമം പിൻവലിച്ചു. നിലവില്‍ നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ് (എട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍), മണിപ്പൂര്‍ (ഇംഫാല്‍ ഒഴികെ) എന്നിവിടങ്ങളിലാണ് നിയമം ഉള്ളത്.












Click it and Unblock the Notifications