10 വർഷത്തിന് ശേഷം ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിലേക്ക്; പ്രഖ്യാപനം ഇന്ന്
ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. നാലോ അഞ്ചോ ഘട്ടങ്ങളിലായിട്ടാകും വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് കമ്മീഷൻ ഒരുങ്ങുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, എസ് സന്ധു എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. ആഗസ്റ്റ് 8 മുതൽ 10 വരെ ജമ്മു കാശ്മീർ ഭരണകുടമായും സുരക്ഷാ ഏജൻസികളുമായും കമ്മീഷൻ ചർച്ച നടത്തിയിരുന്നു. ഉടൻ തന്നെ തിയതി പ്രഖ്യാപിക്കുമെന്ന് ഇതിന് ശേഷം കമ്മീഷൻ അറിയിച്ചിരുന്നു.

'ജമ്മു കാശ്മീരിൽ എത്രയും വേഗത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്. ശിഥില ശക്തികൾക്ക് ഇവിടുത്തെ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. ജനാധിപത്യ പ്രക്രിയയെ താളം തെറ്റിക്കുന്ന തരത്തിലുള്ള യാതൊരു ആന്തരിക-ബാഹ്യ ഇടപെടലുകളേയും അനുവദിക്കില്ല. ഞങ്ങൾ തയ്യാറായിരിക്കുകയാണ്', എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കിയത്. സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സേനയെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. 600 കമ്പനി അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
10 വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നേരത്തേ സപ്റ്റംബർ 30 നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. 2014 ലായിരുന്നു ജമ്മു-കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പി ഡി പിക്ക് 28 സീറ്റും ബി ജെ പിക്ക് 25 സീറ്റും ലഭിച്ചു. തുടർന്ന് ഇരു പാർട്ടികളും സഖ്യത്തിൽ അധികാരത്തിലേറി. മുഫ്തി മുഹമ്മദ് സയ്യിദ് മുഖ്യമന്ത്രിയായി. 2016 ൽ മുഹമ്മദ് മുഫ്തി മരണപ്പെട്ടതോടെ. മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി അധികാരത്തിലേറി. എന്നാൽ 2018 ൽ പി ഡി പി സർക്കാരിനുള്ള പിന്തുണ ബി ജെ പി പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2019 ൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ജമ്മു കശ്‌മീരിരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയായിരുന്നു. ജമ്മു കശ്‌മീർ, ലഡാക് എന്നിങ്ങനെയായിരുന്നു വിഭജനം. നടപടി ചോദ്യം ചെയ്ത് കൊണ്ട് നാഷ്ണൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി ശരിവെച്ചു.
പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. 5 സീറ്റിൽ രണ്ട് സീറ്റിൽ ബിജെപിയും രണ്ടിടത്ത് നാഷ്ണൽ കോൺഫറൻസും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് വിജയിച്ചത്.












Click it and Unblock the Notifications