'നോക്കിക്കോ.. ജുലാനയില്‍ വിനേഷ് ഫോഗട്ട് അരലക്ഷത്തിലേറെ വോട്ടിന് വിജയക്കും'; 20 വർഷത്തെ ചരിത്രം തിരുത്തുമോ?
മുന്‍ അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാർത്ഥിയായി എത്തിയതോടെ പഴയ ശക്തി കേന്ദ്രമായ ജുലാന മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ജുലാനയില്‍ മാത്രമല്ല, സമീപ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണ പോസ്റ്ററുകളിലും വിനേഷ് ഫോഗട്ട് ഇടം പിടിച്ചിരിക്കുന്നത് അവരുടെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
ജുലാനയില്‍ ഇത്തവണ വിനേഷ് ഫോഗട്ട് 50000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകനും കർഷകനുമായി വിരേന്ദർ സിങ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. 'ജുലാന മണ്ഡലം എന്ന് പറയുന്നത് കർഷകർക്ക് നിർണ്ണായക സ്വാധീനമുള്ള മേഖലയാണ്. കർഷകരുടെ പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ സ്വീകരിച്ച നിലപാടുകള്‍ എല്ലാവർക്കും അറിയാം. അതോടൊപ്പം തന്നെ തന്നെ വിനേഷ് ഫോഗട്ടിനെപ്പോലുള്ള ഒരു സ്ഥാനാർത്ഥി കൂടിയാകുമ്പോള്‍ ഭൂരിപക്ഷം 50000 കടക്കും എന്നതില്‍ സംശയമില്ല'വിരേന്ദർ സിങ് പറഞ്ഞു.

വിനേഷ് ഫോഗട്ട് എന്ന് പറയുന്നത് ഒരു വികാരമായി മാറിയിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ പിന്തുണ അവർക്ക് ലഭിക്കുന്നുണ്ട്. പ്രദേശിക തലത്തില്‍ പ്രവർത്തിക്കുന്ന ഞങ്ങള്‍ക്ക് ആ വികാരം വളരെ വ്യക്തമായി മനസ്സിലാകും. ജുലാനയില്‍ വിനേഷ് ഫോഗട്ട് വിജയിക്കുമ്പോള്‍ ഹരിയാനയില്‍ പത്ത് വർഷത്തിന് ശേഷം കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വരാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗതമായി കോണ്‍ഗ്രസിനും ജനതാ പാർട്ടികള്‍ക്കും സ്വാധീനമുള്ള മണ്ഡലമാണ് ജുലാന. 2019 ലെ തിരഞ്ഞെടുപ്പില്‍ ജെ ജെ പിയുടെ അമർജീത് ദണ്ഡയാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ജുലാനയില്‍ നിന്നും അവസാനമായി ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് 2005 ലാണ്. ഷേർ സിങ് ആയിരുന്നു അന്നത്തെ വിജയി. ഇരുപത് വർഷങ്ങള്‍ക്ക് ശേഷം ഇത്തവണ വിനേഷ് ഫോഗട്ടിലൂടെ മറ്റൊരു വിജയമാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്.

ബി ജെ പിക്ക് ഇതുവരെ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ തവണ ആദ്യമായി രണ്ടാമത് എത്താന്‍ സാധിച്ചിരുന്നു. 2019 ല്‍ ജെ ജെ പിയുടെ അമർജീത് 61942 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പിയുടെ പർമീന്ദർ സിങ് 37749 വോട്ടുകളുമായി രണ്ടാമത് എത്തി. മൂന്നാമത് എത്തിയ കോണ്‍ഗ്രസിന്റെ ധർമേന്ദ്രർ സിങിന് 12440 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്.
ഇത്തവണ ജെ ജെ പിക്ക് വേണ്ടി അമർജീത് വീണ്ടും ജനവിധി തേടുമ്പോള്‍ ബി ജെ പി വിജയം പ്രതീക്ഷിക്കുന്നത് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയിലുടെയാണ്. ഐ എന്‍ എല്‍ ഡിക്ക് വേണ്ടി സുരേഷ് ലാത്തർ, എ എ പിക്ക് വേണ്ടി കവിത ദലാലും ഇത്തവണ ജുലാനയില്‍ മത്സര രംഗത്തുണ്ട്.












Click it and Unblock the Notifications