ജിഗ്നേഷ് മേവാനിക്കും 18 പേര്‍ക്കും ജയില്‍ ശിക്ഷയും പിഴയും; കേസ് 2016ലേത്
അഹമ്മദാബാദ്: ദളിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ. സർവകലാശാലയിലെ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്നാവശ്യപ്പട്ട് പ്രതിഷേധിച്ചതിനാണ് ശിക്ഷ. 2016 നവംബർ 15നായിരുന്നു ഗുജറാത്ത് സർവകലാശാലയുടെ നിയമഭവൻ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്ന് ആവശ്യപ്പെട്ട് മേവാനിയടക്കം ഉള്ളവർ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ വിജയ് ക്രോസ് റോഡ് ഉപരോധിച്ചത്.
കേസിൽ ആറ് വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അഹമ്മദാബാദിലെ മോട്രോ പൊളിറ്റൻ കോടതി ആണ് മേവാനിക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പറഞ്ഞിരിക്കുന്നത്. ആറു മാസം തടവിനൊപ്പം 700 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മേവാനിയെ കൂടാതെ അന്ന് അറസ്റ്റിലായ 18 പേർക്കും കോടതി ശിക്ഷ വിധിച്ചു

യൂണിവേഴ്സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന നിയമ ഭവൻ കെട്ടിടത്തിന് ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ പേര് നൽകണമെന്നും സർവകലാശാലയിൽ അംബേദ്കർ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദലിത് അധികാർ മഞ്ചായിരുന്നു സമരം നടത്തിയത്. മേവാനിയാണ് സമരത്തിന് നേതൃത്വം നൽകിയത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് മേവാനി, രാകേഷ് മഹേരിയ, സുബോധ് പർമർ, ദീക്ഷിത് പർമർ അടക്കം 20 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിലൊരാൾ പിന്നീട് മരണപ്പെട്ടു. കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും ഒപ്പമുണ്ടായിരുന്നവർക്കും എതിരെ ചുമത്തിയത്.
അനുമതിയില്ലാതെ റാലി നടത്തിയതിന് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ മെഹ്‌സാന ജില്ലയിലെ മജിസ്‌റ്റീരിയൽ കോടതി മേവാനിക്കും മറ്റ് ഒമ്പത് പേർക്കും മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ ഗുജറാത്തിന് പുറത്തേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.
അതേസമയം, കോടതി വിധി സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. "ഗുജറാത്ത് സർക്കാർ ബലാത്സംഗികളെ ജയിലിൽ നിന്ന് മോചിപ്പിച്ചു. അവരെ ഹാരം അണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചത് ആണെന്ന് പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലിനെതിരെ 108 കേസുകൾ ഉണ്ട്. എന്നാൽ ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. ബാബാ സാഹിബ് അംബേദ്കറുടെ പേരിൽ ഒരു കെട്ടിടം സ്ഥാപികണമെന്ന് പറഞ്ഞ് റാലി നടത്തിയതിന് ഞങ്ങൾക്ക് ആറാ മാസം ശിക്ഷ വിധിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications