പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി എയർ ചീഫ് മാർഷൽ; നടപടി ഇന്ത്യ-പാക് ഭിന്നത ശക്തമാവുന്നതിനിടെ
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. ഞായറാഴ്‌ചയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിക്കാൻ സാധ്യതയുള്ള സൈനിക നടപടിയെക്കുറിച്ച് വിലയിരുത്താൻ പ്രധാനമന്ത്രി മോദി മൂന്ന് സായുധ സേനാ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തിവരികയാണ്.
അതിനിടയിലാണ് പുതിയ സംഭവവികാസം. നേരത്തെ പഹൽഗാം സംഭവത്തിന് പിന്നാലെ ഏപ്രിൽ 26ന് പ്രധാനമന്ത്രി മോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, മറ്റ് സായുധ സേനാ മേധാവികൾ എന്നിവരുമായി ഒരു സുപ്രധാന കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഇതിന് ശേഷമാണ് ഇപ്പോൾ ഓരോരുത്തരെയായി പ്രധാനമന്ത്രി നേരിട്ട് കാണുന്നത്. വ്യോമസേനാ മേധാവി അമർ പ്രീത് സിംഗുമായി മോദി നടത്തിയ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ പ്രധാനമന്ത്രിയും നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ ത്രിപാഠിയും തമ്മിൽ നടന്ന പ്രത്യേക കൂടിക്കാഴ്‌ചയ്ക്ക് 24 മണിക്കൂറിനുള്ളിലാണ് വ്യോമസേനാ മേധാവിയുമായുള്ള ചർച്ചയും നടന്നതെന്നതാണ് ശ്രദ്ധേയം.
ആക്രമണത്തോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിന്റെ സ്വഭാവം, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്ന് പ്രധാനമന്ത്രി മോദി അറിയിക്കുകയും, നേരത്തെ നടന്ന ഒരു ഉന്നതതല യോഗത്തിൽ പ്രതിരോധ നേതൃത്വത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തിരുന്നു.
പഹൽഗാം കൂട്ടക്കൊലയെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഓർഡനൻസ് ഫാക്‌ടറി ബോർഡ് എല്ലാ ജീവനക്കാരുടെയും അവധി ഉടനടി പ്രാബല്യത്തിൽ റദ്ദാക്കിയിരുന്നു. രാജ്യത്തുടനീളം പ്രതിരോധ തയ്യാറെടുപ്പ് കൂടി വരുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏപ്രിൽ 22നാണ് കാൽനടയായോ കുതിരസവാരിയിലൂടെയോ മാത്രമേ എത്തിച്ചേരാൻ കഴിയുന്ന പഹൽഗാമിലെ പ്രകൃതിരമണീയമായ ബൈസരൻ താഴ്‌വര സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്. ഈ ആക്രമണത്തിൽ ഒരു നേപ്പാളി പൗരനുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പാകിസ്ഥാന്റെ പങ്ക് ആരോപിച്ച് ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചത്.
ആദ്യഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായിരുന്ന സിന്ധുനദീജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയിരുന്നു. പാകിസ്ഥാനിലെ 80 ശതമാനം കൃഷിയിടങ്ങളിലും വെള്ളം എത്തിക്കുന്നത് ഇതിലൂടെയായിരുന്നു. കൂടാതെ മറ്റ് വ്യാപാര, നയതന്ത്ര ബന്ധങ്ങളിലും ഇന്ത്യ കാര്യമായി പാകിസ്ഥാനെതിരെ നടപടി എടുത്തിരുന്നു.












Click it and Unblock the Notifications