കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി ഇളക്കം, ബിജെപിക്ക് ആദ്യ വെല്ലുവിളിയായി അഖിലേഷ്, കണക്കുകള്‍ തെറ്റി
ദില്ലി: ബിജെപി ആകെ അമ്പരന്ന് നില്‍ക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ അവരുടെ പ്രധാന വോട്ടുബാങ്കില്‍ വിള്ളല്‍ വീണിരിക്കുകയാണ്. ഒരു സംസ്ഥാനത്തും തോല്‍വിയില്‍ പോലും സംഭവിക്കാത്ത കാര്യമാണിത്. 2014 മുതല്‍ ബിജെപി സ്വന്തമെന്ന് കരുതിയിരുന്ന വോട്ടുബാങ്കാണിത്. ഉത്തര്‍പ്രദേശില്‍ പക്ഷേ അതില്‍ ചോര്‍ച്ച വന്നിരിക്കുകയാണ്.
ഹിന്ദു വോട്ടുബാങ്കുകള്‍ കൈവിട്ട് പോകുന്നതും ഇതേ ആശങ്കയാണ്. 1990കള്‍ മുതല്‍ ബിജെപി കെട്ടിപ്പടുത്ത സാമ്രാജ്യത്തിന്റെ അടിത്തറ തന്നെ ഈ വോട്ടുകളായിരുന്നു. അഖിലേഷ് യാദവ് പക്ഷേ ഇതേ വോട്ടുബാങ്കില്‍ കയറി പറ്റാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. മമത ബാനര്‍ജിയുടെ പ്രചാരണത്തില്‍ നിന്ന് കടമെടുത്താണ് അഖിലേഷിന്റെ കുതിപ്പ്.

ബിജെപി പേടിച്ച് പോയെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് യോഗി ആദിത്യാഥ് ദളിത് വീടുകളില്‍ പോയി ഭക്ഷണം കഴിച്ചത്. യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര സിംഗ് ദളിത് പ്രാതിനിധ്യത്തിന്റെ കാര്യം വരെ എടുത്ത് പറഞ്ഞു. പിന്നോക്ക വിഭാഗത്തിന്റെയും ഒബിസികളുടെയും രാഷ്ട്രീയ-സാമ്പത്തിക പ്രാതിനിധ്യം ഇത്രത്തോളം രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് ബിജെപിയാണെന്ന് സ്വതന്ത്ര ദേവ് പയുന്നു. എസ്പി എന്നത് മകനും പിതാവിനും കുടുംബത്തിനും വളരാനുള്ള രാഷ്ട്രീയ പാര്‍ട്ടി മാത്രമാണെന്നും അഖിലേഷ് യാദവിനെ ലക്ഷ്യമിട്ട് സ്വതന്ത്ര ദേവ് പറഞ്ഞിരുന്നു. എന്നാല്‍ ഈ തരത്തിലേക്ക് ബിജെപിക്ക് അവകാശവാദമുന്നയിക്കേണ്ടി വരുന്നത് ഇത് ആദ്യമായിട്ടാണ്. അതിന് പ്രധാന കാരണവും അഖിലേഷാണ്.

യുപി രാഷ്ട്രീയത്തില്‍ ജാതിയും ഉപജാതിയും വലിയ സ്വാധീനം ചെലുത്തുന്ന ഘടകമാണ്. സമൂഹത്തില്‍ വലിയ പ്രാതിനിധ്യമില്ലാത്ത ഇവരെ തിരിച്ചറിഞ്ഞ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നതാണ് ബിജെപിയുടെ വലിയ ശക്തി. ബിജെപിയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും ഇത് തന്നെയായിരുന്നു. മണ്ഡല്‍ രാഷ്ട്രീയത്തെ അടിമുടി മാറ്റിയ പരീക്ഷണമാണിത്. ഏറ്റവും ദുര്‍ബലമായ ഒബിസി ഗ്രൂപ്പുകളെ ശക്തരായ ഒബിസി ഗ്രൂപ്പുകള്‍ക്കെതിരെ നിര്‍ത്തുകയായിരുന്നു ബിജെപി. കാരണം യാതൊരു സാമൂഹിക-രാഷ്ട്രീയ നേട്ടവും ഇല്ലാത്തവരായിരുന്നു ചെറു വിഭാഗങ്ങള്‍. ഇത് 2017ല്‍ മാത്രമല്ല രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടമാണ് സമ്മാനിച്ചത്. അവരെയാണ് അഖിലേഷ് കൊണ്ടുപോകുന്നത്.

പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം നോക്കി കളിക്കുന്ന രീതി ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ അഖിലേഷ് അഞ്ച് വര്‍ഷം മുമ്പുള്ള തോല്‍വിക്ക് കാരണം പെട്ടെന്ന് തന്നെ കണ്ടെത്തി. യോഗി ആദിത്യനാഥിന് ഇതില്‍ വലിയ പങ്കുണ്ടെന്നും അഖിലേഷ് കണ്ടെത്തി. ഇതാണ് ഇപ്പോള്‍ കണ്ടുവരുന്ന കൊഴിഞ്ഞുപോക്ക്. യോഗി പുറത്തുനിന്ന് വന്ന നേതാവാണെന്ന പ്രചാരണം അഖിലേഷ് ശക്തമാക്കി. ഇതിലൂടെ ഉത്തരാഖണ്ഡില്‍ നിന്നുള്ള നേതാവാണെന്ന പ്രതിച്ഛായ യോഗിക്ക് ലഭിച്ചു. ഇത് മറ്റ് നേതാക്കള്‍ക്കിടയില്‍ യോഗിയുടെ സ്വീകാര്യതയും നഷ്ടമാക്കി. ഒപ്പം കേശവ് പ്രസാദ് മൗര്യയും യോഗിയും തമ്മില്‍ അധികാര വടംവലിയും ആരംഭിച്ചു. ഇത് പരിഹരിച്ചിരുന്നെങ്കിലും എസ്പിയുടെ പ്രചാരണം വലിയ നഷ്ടം ബിജെപിക്ക് ഉണ്ടാക്കി കഴിഞ്ഞിരുന്നു.

ബിജെപിയുടെ കോര്‍ വോട്ടുബാങ്കാണ് ഹിന്ദുക്കള്‍. പല വിഭാഗത്തെ ഒന്നായി ചേര്‍ത്ത് ബിജെപിയാണ് അവരെ ഏറ്റവും വലിയ വോട്ടുബാങ്കായി മാറ്റിയത്. ഒബിസികളുടെ വോട്ട് ബിജെപിക്ക് അനുകൂലമായതും ഈ കാലത്താണ്. നേരത്തെ വെറും ബനിയകളായിരുന്നു ബിജെപിയെ പിന്തുണച്ചിരുന്നത്. മറ്റ് പാര്‍ട്ടികളൊക്കെ ഈ വോട്ടുബാങ്കിനായി ശ്രമിച്ച് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ കോര്‍ വോട്ടുബാങ്കില്‍ ആദ്യമായി വിള്ളല്‍ വീണത് ബംഗാള്‍ തിരഞ്ഞെടുപ്പിലാണ്. ബംഗാളി ഹിന്ദുക്കള്‍ കൂടെയുണ്ടെന്ന ബിജെപിയുടെ പ്രതീക്ഷ ഇവിടെ തകര്‍ന്നു. മോശം നേതാക്കള്‍ തുടര്‍ച്ചയായി ബിജെപിയിലേക്ക് പോയതോടെ ഹിന്ദുക്കള്‍ പൂര്‍ണമായി അവരെ കൈവിടുകയായിരുന്നു. ഇതിന് മമതയുടെ പ്രചാരണവും സഹായിച്ചിരുന്നു.

ബിജെപിയില്‍ നിന്ന് വന്‍ തോതില്‍ നേതാക്കള്‍ ഒഴുകുന്നതിനും അത്തരമൊരു കാരണമുണ്ട്. യോഗിയെന്ന താക്കൂറാണ് അതിന് പ്രധാന കാരണം. ജാര്‍ഖണ്ഡില്‍ ബ്രാഹ്മണ നേതാവായിരുന്ന രഘുബര്‍ ദാസിനെ മുഖ്യമന്ത്രിയാക്കിയത് പോലൊരു പിഴവായിരുന്നു ്അതിന് കാരണം. ആദിവാസികള്‍ കൂടുതലുള്ള സംസ്ഥാനത്താണ് ഇത്തരമൊരു വീഴ്ച്ച ബിജെപിയില്‍ നിന്നുണ്ടായത്. ന്യൂനപക്ഷമായ ബ്രാഹ്മണരുടെ പിന്തുണയായിരുന്നു ബിജെപി അവിടെ ലക്ഷ്യമിട്ടത്. പക്ഷേ രഘുബര്‍ദാസ് ബിജെപിയുടെ അന്തകനായി മാറി. ആദിവാസികളെ ജാര്‍ഖണ്ഡില്‍ നിന്ന് തന്നെ ഇല്ലാതാക്കുമെന്ന ദാസിന്റെ വാക്കുകള്‍ ബിജെപിയുടെ സാധ്യത പോലും ജാര്‍ഖണ്ഡില്‍ ഇല്ലാതാക്കി. യുപിയില്‍ യോഗിയുടെ കാര്യത്തില്‍ സംഭവിച്ചതും അതേ കാര്യമാണ്.

താക്കൂര്‍ നേതാവിന് കീഴില്‍ വഞ്ചിക്കപ്പെട്ടതായി മൗര്യകള്‍ക്ക് തോന്നുകയായിരുന്നു. കേശവ് പ്രസാദ് മൗര്യയെ തഴഞ്ഞതും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ കാരണമായിട്ടുണ്ട്. എസ്പിയിലേക്ക് പോയവരെ പാര്‍ട്ടി മത്സരിപ്പിക്കാന്‍ ടിക്കറ്റ് പോലും നല്‍കാന്‍ താല്‍പ്പര്യപ്പെടാത്തവരാണെന്ന് സ്വതന്ത്ര ദേവ് പറയുന്നു. എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ ഏത് സമുദായത്തില്‍ നിന്നുള്ളതാണ് എന്നത് ബിജെപിയെ ശരിക്കും ഞെട്ടിക്കുന്നതാണ്. ഹിന്ദുത്വക്ക് പിന്നോക്ക സമുദായത്തെയും ദളിതുകളെയും പരിഗണിക്കുന്നതിലുണ്ടായ വീഴ്ച്ചയാണ് ഇതിന് കാരണം. പതിനഞ്ചോളം എംഎല്‍എമാര്‍ രാജിവെച്ചത് ബിജെപിയുടെ സ്വാഭാവിക രാഷ്ട്രീയ നീക്കങ്ങളെ തന്നെ ബാധിച്ചിരിക്കുകയാണ്. യോഗിയുണ്ടെങ്കില്‍ ഇവര്‍ മടങ്ങിയെത്താനുള്ള സാധ്യതയും കുറവാണ്.

ഒബിസി വിഭാഗത്തിന്റെ നേതാവായി അഖിലേഷ് മാറി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിക്കുന്നത്. എസ്പിക്ക് മുലായം സിംഗിന്റെ കാലത്ത് ഒരിക്കലും ലഭിക്കാത്ത നേട്ടമാണിത്. യാദവര്‍ക്കും അപ്പുറത്തേക്ക് അഖിലേഷ് കരുത്ത് വര്‍ധിപ്പിച്ചു എന്ന് വ്യക്തം. അഖിലേഷ് ആക്ടീവ് അല്ല എന്ന് കരുതിയ സമയത്ത് സഖ്യങ്ങള്‍ ഉണ്ടാക്കിയും, പിന്നോക്ക വിഭാഗം നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയുമായിരുന്നു അഖിലേഷ്. ഇത് തിരിച്ചറിയുന്നതില്‍ ബിജെപിയും യോഗിയും പരാജയമായി. ഇപ്പോള്‍ കൂടെ വന്നവര്‍ക്കെല്ലാം മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുക എന്നതാണ് ഇനി അഖിലേഷിന്റെ മുന്നിലുള്ള വെല്ലുവിളി. ആ സമയത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനും എസ്പിക്ക് സാധിക്കണം.

2017ല്‍ പ്രതിപക്ഷത്തെ ഒരുവിഭാഗത്തിന്റെ പാര്‍ട്ടികളായി ബിജെപി മുദ്രകുത്തിയതും അവരുടെ വിജയത്തില്‍ പ്രധാനപ്പെട്ടതായിരുന്നു. ബിഎസ്പിയെ ദളിത് പാര്‍ട്ടിയായയും, എസ്പിയെ യാദവ പാര്‍ട്ടിയായും ബിജെപി നടത്തിയ പ്രചാരണം വിജയിച്ചിരുന്നു. അതില്‍ നിന്നാണ് അഖിലേഷ് പുറത്തുകടന്നത്. ബിജെപി ഒന്നുമില്ലെങ്കില്‍ ബ്രാഹ്മണര്‍ അല്ലെങ്കില്‍ താക്കൂറുകള്‍ എന്നിവരെ മാത്രമേ ഒപ്പം നിര്‍ത്തുകയേ ചെയ്യൂ എന്ന് അവര്‍ക്ക് മനസ്സിലായി കഴിഞ്ഞു. ഇത്തവണ മുസ്ലീങ്ങള്‍ക്ക് വളരെ കുറച്ച് സീറ്റ് മാത്രമാണ് അഖിലേഷ് നല്‍കിയത്. ഒബിസി വിഭാഗത്തിലെ അസംതൃപ്തി അഖിലേഷ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതിലുപരി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് ഒബിസി വിഭാഗത്തില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്.












Click it and Unblock the Notifications