മുഹമ്മദ് സുബൈര്‍ ജയില്‍ മോചിതനാകുന്നു; എല്ലാ കേസിലും ജാമ്യം നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: സത്യാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം. അദ്ദേഹത്തിനെതിരായ എല്ലാ കേസുകളിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇതോടെ സുബൈറിന് ജയില്‍ മോചിതനാകാനുള്ള വഴി തെളിഞ്ഞു. ഡല്‍ഹിയിലും യുപിയിലുമായി എട്ട് കേസുകളില്‍ പ്രതിയാണ് സുബൈര്‍. സുബൈറിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.

എല്ലാ കേസുകളിലും ജാമ്യം കിട്ടിയതോടെ സുബൈര്‍ ജയില്‍ മോചിതനാകും. ഇന്ന് വൈകീട്ട് ആറ് മണിയോടെ സുബൈറിനെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്നാണ് കോടതി ഉത്തരവ്. നിലവിലുള്ള കേസുകളില്‍ സുബൈറിന് ജാമ്യം കൊടുക്കാത്തത് ന്യായീകരിക്കാനാകില്ല. പല കേസുകളും പല കോടതികളിലാണ്. ഇതിന്റെ നടപടികള്‍ ഏറെ നീളുന്നതാണെന്നും സുപ്രീംകോടതി വിലയിരുത്തി.
അതേസമയം, മുഹമ്മദ് സുബൈര്‍ പതിവായി ട്വീറ്റ് ചെയ്യുന്നത് നിര്‍ത്തണമെന്ന വിചിത്രമായ ആവശ്യം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഇങ്ങനെ നിയന്ത്രണം വയ്ക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. യുപിയില്‍ സുബൈറിനെതിരെ തുടങ്ങിയ പ്രത്യേക അന്വേഷണം കോടതി റദ്ദാക്കി. മാത്രമല്ല, യുപിയിലെ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.
ട്വീറ്റ് ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെടുന്ന അഭിഭാഷകന്‍ ഇനിയും വാദിക്കേണ്ടതില്ല. ഒരു മാധ്യമപ്രവര്‍ത്തകനോട് എഴുതരുത് എന്ന് പറയാന്‍ എങ്ങനെയാണ് കഴിയുക. നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കണം. ഒരു പൗരനെതിരെ അവന്റെ ശബ്ദം മുഴക്കും മുമ്പ് നടപടി എടുക്കാന്‍ കോടതിക്ക് സാധിക്കില്ല. സ്വകാര്യമായും പരസ്യമായും ചെയ്യുന്ന കാര്യങ്ങളില്‍ ഓരോ വ്യക്തിയും ഉത്തരവാദിയാണ്. അതുകൊണ്ടുതന്നെ ട്വീറ്റ് ചെയ്യരുത് എന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ് വ്യക്തമാക്കി.
ഉത്തര്‍ പ്രദേശില്‍ മാത്രം സുബൈറിനെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. ഒന്നിന് പിറകെ ഒന്നായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എല്ലാ കേസുകളും ട്വീറ്റുമായി ബന്ധപ്പെട്ടാണ്. ബിജെപി നേതാവ് നുപുര്‍ ശര്‍മ മുഹമ്മദ് നബിയെ അവഹേളിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട പിന്നാലെയാണ് സുബൈറിനെതിരെ കടുത്ത നടപടി ആരംഭിച്ചത്. ഇത് പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
തീവ്ര ഹിന്ദുത്വ നേതാക്കളായ സ്വാമി യതി നരസിംഹാനന്ദ്, ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ മുഹമ്മദ് സുബൈര്‍ രംഗത്തുവന്നിരുന്നു. ഇവരെല്ലാം ശത്രുത പരത്തുന്നവരാണെന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്. സുബൈറിന്റെ ട്വീറ്റിലെ ഈ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് കേസെടുത്തത്. മാന്യന്മാരായ വ്യക്തികളെ അവഹേളിക്കുകയാണ് സുബൈര്‍ ചെയ്തതെന്നും യുപി പോലീസ് പറയുന്നു. സുബൈറിനെതിരെ സുദര്‍ശന്‍ ന്യൂസ് ചാനലിലെ ജീവനക്കാരന്‍ നല്‍കിയ പരാതിയാണ് ലഖീംപൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27നാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications