'ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്നിറങ്ങി വന്നാലും അത് നടക്കില്ല'; ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിൽ അമിത് ഷാ
മുംബൈ: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ മുസ്ലീം പ്രീണനത്തിന് എതിരെ ആഞ്ഞടിച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലീം സംവരണം മുഖ്യവിഷയമാക്കി ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ കോൺഗ്രസിനെ വിമർശിച്ചത്. കൂടാതെ അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണം കോൺഗ്രസ് മനഃപൂർവം വൈകിക്കുകയാണ് ചെയ്‌തതെന്നും അമിത് ഷാ ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ മൂന്ന് റാലികളിൽ പങ്കെടുത്തത്. അവിടെ അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടത് കോൺഗ്രസ് അടക്കമുള്ള പാർട്ടികളെയാണ്.

പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിയിലെ മറ്റ് പാർട്ടികൾക്ക് എതിരെയും ബിജെപി നേതാവ് ആഞ്ഞടിച്ചു. ശിവസേന യുബിടി വിഭാഗത്തെയും അമിത് ഷാ തിരഞ്ഞെടുപ്പ് റാലികളിൽ വിമർശന വിധേയമാക്കിയിരുന്നു. മുസ്ലീം സംവരണം തന്നെയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിനെതിരെ ബിജെപി നേതാവ് ആയുധമാക്കിയത്.
രാഹുൽ ഗാന്ധിയുടെ നാലാം തലമുറ വന്നാലും നിലവിൽ ആദിവാസി വിഭാഗത്തിനും ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ലഭിക്കേണ്ട സംവരണം മുസ്ലീം വിഭാഗത്തിന് ലഭിക്കില്ലെന്ന് ഉറപ്പിച്ചുകൊള്ളാൻ അമിത് ഷാ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര നിലപാടിനോട് ചേർന്ന് നിൽക്കുന്ന അഭിപ്രായമാണ് അമിത് ഷായും ഇന്ന് പങ്ക് വച്ചത്.
മുസ്ലീം വിഭാഗത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകിയാൽ ഫലമായി എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരും. ഇതിന് ശേഷമാണ് ഏത് സാഹചര്യത്തിൽ ആയാലും കേന്ദ്രം എടുത്ത് കളഞ്ഞ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുക പോലുമില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയത്.
പ്രസംഗത്തിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയെ ഔറംഗസേബ് ക്ലബ് എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. കൂടാതെ ബിജെപി ഉൾപ്പെടുന്ന മഹായുതി സഖ്യത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്‌തിരുന്നു. ഛത്രപതി ശിവജിയുടെയും വീർ സവർക്കറിന്റേയും ആശയങ്ങൾ പിന്തുടരുന്ന ആളുകളാണ് എംവിഎയിൽ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കൂടാതെ മറ്റൊരു റാലിയിൽ കോൺഗ്രസിന്റെ അഴിമതി അദ്ദേഹം എടുത്ത് പറയുകയുമുണ്ടായി. ഒരുപക്ഷേ സംസ്ഥാനത്ത് അവർക്ക് അധികാരം ലഭിച്ചാൽ മഹാരാഷ്ട്രയെ അവർ സ്വന്തം എടിഎം ആക്കി മാറ്റുമെന്നാണ് അമിത് ഷാ ആരോപിച്ചത്. ഇവിടെ നിന്ന് പണം പിൻവലിച്ച് അവർ ഡൽഹിയിലേക്ക് അയക്കുമെന്നും അമിത് ഷാ ആരോപിച്ചു.
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം വർഷങ്ങളോളം കോൺഗ്രസ് ബോധപൂർവം സ്‌തംഭിപ്പിക്കുകയായിരുന്നു എന്നാണ് ഷാ ആരോപിച്ചത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തകർത്ത രാമക്ഷേത്രവും കാശി വിശ്വനാഥ് ഇടനാഴിയും പ്രധാനമന്ത്രി മോദി നിർമ്മിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, നവംബർ 20ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്, 23ന് ഫലമറിയാം.


Click it and Unblock the Notifications