'അനിതയോട് കൂടിയാണ് പറയുന്നത്'; ആന്ധ്ര ആഭ്യന്തരമന്ത്രിക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കി പവന്‍ കല്യാണ്‍
ഹൈദരാബാദ്: സഖ്യകക്ഷിയായ തെലുങ്ക് ദേശം പാർട്ടിയിൽ നിന്നുള്ള ആഭ്യന്തരമന്ത്രിയായ അനിതയ്ക്ക് മുന്നറിയിപ്പ് നൽകി ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ആഭ്യന്തര വകുപ്പും ഏറ്റെടുക്കാൻ നിർബന്ധിതനാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ആന്ധ്രാപ്രദേശിൽ സമാധാനവും സുരക്ഷയും വഷളായിരിക്കുന്നുവെന്നും യോഗി ആദിത്യ നാഥിന്റെ ഉത്തർപ്രദേശിൽ ചെയ്യുന്ന രീതിയിൽ ക്രമസമാധാനം കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പവൻ കല്യാൺ പറഞ്ഞു. " ഞാൻ ആഭ്യന്തര മന്ത്രി അനിതയോടും പറയുന്നു. നിങ്ങൾ ആഭ്യന്തര മന്ത്രിയാണ്. ഞാൻ പഞ്ചായത്ത് രാജ് മന്ത്രി, വനം - പരിസ്ഥിതി മന്ത്രിയാണ്. നിങ്ങളുടെ ചുമതലകൾ നന്നായി നിർവഹിക്കുക. അല്ലെങ്കിൽ ആഭ്യന്തര വകുപ്പും ഏറ്റെടുക്കാൻ ഞാൻ നിർബന്ധിതനാകും. " പവൻ കല്യാൺ പറഞ്ഞു.

" നിങ്ങൾ യോഗി ആദിത്യനാഥിനെപ്പോലെ ആവണം. രാഷ്ട്രീയക്കാരും എം എൽ എമാരും വോട്ട് ചോദിക്കാൻ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങൾക്കും ഉത്തരവാദിത്തങ്ങളുണ്ട്. എല്ലാവരും ചിന്തിക്കണം. എനിക്ക് ആഭ്യന്തര വകുപ്പ് ചോദിക്കാനോ എടുക്കാനോ കഴിയില്ലെന്നല്ല, ഞാൻ അങ്ങനെ ചെയ്താൽ ആളുകൽക്ക് കാര്യങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. നമ്മൾ യോഗി ആദിത്യ നാഥിനെ പോലെയാവണം. അല്ലെങ്കിൽ അവർ മാറില്ല. അതിനാൽ നിങ്ങൾ മാറണോ വേണ്ടയോ എന്ന് തീരുമാനിക്കുക, അദ്ദേഹം പറഞ്ഞു.
അതേ സമയം പവൻ കല്യാൺ ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ വിമർശനം ചർച്ചായയിരിക്കുകയാണ്. എന്നാൽ ഉപ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് തെറ്റുകൾ ചൂണ്ടിക്കാട്ടാനും മന്ത്രിമാരെ ശരിയായ പാതയിൽ നയിക്കാനും അവകാശമുണ്ടെന്ന് ചന്ദ്ര ബാബു നായിഡുവിന്റെ മന്ത്രിസഭയിലെ മറ്റൊരു മുതിർന്ന മന്ത്രി നാരായണ പറഞ്ഞു.
വലതുപക്ഷ സമീപനം സ്വീകരിച്ച ജനസേന മേധാവി അടുത്തിടെ സനാതന ധർമം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് തന്റെ പാർട്ടിക്കുള്ളിൽ സമർപ്പിത വിഭാഗമായ നരസിംഹ വരാഹി ബ്രിഗേഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. " ഞാൻ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എന്റെ വിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നു. സനാതന ധർമ്മത്തെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരോ അതിനെക്കുറിച്ച് അനാദരവോടെ സംസാരിക്കുന്നവരോ അതിന്റെ അന്തര ഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും" എന്നും പവൻ കല്യാൺ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications