അരവിന്ദ് കെജ്രിവാളിന്റെ കാർ ആക്രമിക്കപ്പെട്ടുവെന്ന് എഎപി; വാഹനം രണ്ട് പേരെ ഇടിച്ചെന്ന ആരോപണവുമായി ബിജെപി
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാൾ സഞ്ചരിച്ച വാഹനം അക്രമിക്കപ്പെട്ടതായി ആം ആദ്‌മി പാർട്ടിയുടെ ആരോപണം. ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ വീടുതോറുമുള്ള പ്രചാരണത്തിനിടെയാണ് കെജ്രിവാൾ സഞ്ചരിച്ച വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ എഎപി പങ്കുവച്ചിട്ടുണ്ട്.
പ്രചാരണത്തിനിടെ കെജ്രിവാളിന്റെ കാറിന് നേരെ കല്ലെറിഞ്ഞ് പ്രചാരണം തടസപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായാണ് എഎപി ആരോപണം. എന്നാൽ കെജ്രിവാളിന്റെ കാർ രണ്ട് പേരുടെ മേൽ പാഞ്ഞുകയറുകയായിരുന്നുവെന്ന് ബിജെപി എംപി പർവേഷ് വർമ്മ ഇതിനോട് പ്രതികരിച്ചു. ഇതോടെ വിഷയത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള വാഗ്വാദം മുറുകുകയാണ്.

കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് പതിക്കുന്നത് വ്യക്തമായി കാണാം എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എഎപി പങ്കുവച്ചിട്ടുണ്ട്. മണ്ഡലത്തിൽ കെജ്രിവാളിന് എതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മയുടെ ഗുണ്ടകളാണ് ആക്രമണം അഴിച്ചുവിട്ടത് എന്നാണ് എഎപി ആരോപിക്കുന്നത്.
അക്രമികളിൽ ഒരാൾ പർവേഷ് വർമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രവും എഎപി സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ പങ്കുവച്ചു. പർവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്രിവാളിനെ കല്ലേറിയുകയും പ്രചാരണം നടത്താൻ സമ്മതിക്കാതെ നിൽക്കുകയുമാണ്.നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കെജ്രിവാൾ ജി ഭയപ്പെടാൻ പോകുന്നില്ല, ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് തക്കതായ മറുപടി നൽകും; പോസ്‌റ്റിൽ പറയുന്നു.
അതേസമയം, കെജ്രിവാൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന് സമീപം നിന്ന് ചില വ്യക്തികൾ കരിങ്കൊടി വീശുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് പ്രചാരണത്തെ തടസപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും എഎപി അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ഡൽഹിയിൽ പോര് മുറുകുന്നത്.
ആം ആദ്‌മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ മനീഷ് സിസോദിയയും അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണത്തെ അപലപിച്ചു. എഎപി മേധാവിയെ ലക്ഷ്യം വച്ച് ബിജെപി ഗുണ്ടകളെ അയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവർ ഭീരുക്കൾ ആണെന്നും ഇപ്പോൾ പേടിച്ചിരിക്കുകയാണെന്നും സിസോദിയ ചൂണ്ടിക്കാട്ടി. ബിജെപിയുടേത് തരംതാണ രാഷ്ട്രീയമാണ് എന്നും എഎപി നേതാവ് വിമർശിച്ചു.
എന്നാൽ എഎപിയുടെ ആരോപണങ്ങൾ എല്ലാം തള്ളിയ ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മ കെജ്രിവാളിന്റെ വാഹനം രണ്ട് യുവാക്കളെ ഇടിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. തോൽവി മുന്നിൽ കണ്ടപ്പോൾ കെജ്രിവാൾ ആളുകളുടെ ജീവൻ പോലും മറന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ബിജെപി സ്ഥാനാർത്ഥി അറിയിച്ചു.












Click it and Unblock the Notifications