രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണമാറ്റം? അഭിപ്രായ സര്‍വേ പുറത്ത്, ആശങ്ക കോണ്‍ഗ്രസിന്
ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നവംബര്‍ 7 ന് ആരംഭിച്ച് നവംബര്‍ 30 ന് അവസാനിക്കുന്ന തരത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായും ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢില്‍ നവംബര്‍ 7, 17 തീയതികളിലും മിസോറാം നവംബര്‍ 7 നും മധ്യപ്രദേശില്‍ 17 നും രാജസ്ഥാന്‍ 23 നും തെലങ്കാന നവംബര്‍ 30 നും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 3 ന് ആണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എബിപി ന്യൂസ്. പതിവ് പോലെ സി വോട്ടറുമായി ചേര്‍ന്നാണ് അഭിപ്രായ സര്‍വേ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും സര്‍വേ ഫലങ്ങളാണ് ഇതില്‍ ശ്രദ്ധേയമായിരിക്കുന്നത്.
നിലവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി ജെ പിയുമാണ് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ സര്‍വേഫലങ്ങള്‍ കാണിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിലും ഭരണമാറ്റം ഉണ്ടാകും എന്നാണ്. 2018 ല്‍ രണ്ടിടത്തും അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ രണ്ടിടത്തും സമാനമായ തലവേദനയാണ് കോണ്‍ഗ്രസ് അഭിമുഖീകരിച്ചത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലായിരുന്നു രണ്ടിടത്തും പോര്. രാജസ്ഥാനില്‍ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരായിരുന്നെങ്കില്‍ മധ്യപ്രദേശില്‍ കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യ പോരായിരുന്നു കോണ്‍ഗ്രസിന് തലവേദനയായത്. രണ്ടിടത്തും മുതിര്‍ന്ന നേതാക്കളെ മുഖ്യമന്ത്രിമാരാക്കിയെങ്കിലും തീരുമാനം പലപ്പോഴും തിരിച്ചടിച്ചു. മധ്യപ്രദേശില്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ സര്‍ക്കാര്‍ തന്നെ വീണു.

രാജസ്ഥാനില്‍ പൈലറ്റ് ഇപ്പോഴും ഗെലോട്ട് സര്‍ക്കാരിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വേ അനുസരിച്ച് രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി കാര്യമായ നേട്ടമുണ്ടാക്കും എന്നാണ് പറയുന്നത്. 200 അംഗ നിയമസഭയില്‍ ബിജെപിക്ക് 127 മുതല്‍ 137 വരെ സീറ്റുകള്‍ നേടാനാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
2018 ല്‍ 38 ശതമാനം വോട്ടുകളാണ് നേടിയതെങ്കില്‍ ഇത്തവണ വോട്ട് വിഹിതം 46 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. നേരെമറിച്ച്, 42 ശതമാനം വോട്ട് വിഹിതം നേടുന്ന കോണ്‍ഗ്രസ് 59 മുതല്‍ 69 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 101 സീറ്റാണ്. മധ്യപ്രദേശിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എബിപി-സിവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു.

230 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് 113 മുതല്‍ 125 വരെ സീറ്റുകളും ബി ജെ പിക്ക് 104 മുതല്‍ 116 സീറ്റുകളുമാണ് ലഭിക്കുക. കോണ്‍ഗ്രസിനെ അപേക്ഷിച്ച് 0.1 ശതമാനം വോട്ട് വിഹിതവുമായി ഭരണകക്ഷിയായ ബി ജെ പി.ക്ക് നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസിന് 44.6 ശതമാനം വോട്ടും ബിജെപിക്ക് 44.7 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. ബി എസ് പി 2.1 ശതമാനം വോട്ടുകള്‍ നേടിയേക്കാം. 8.6 ശതമാനം വോട്ട് മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications