ഛത്തീസ്ഗഡിൽ അധികാര തുടർച്ച, മധ്യപ്രദേശ് ഇത്തവണ കൂടെ പോരും; കോൺഗ്രസിന്റെ കണ്ടെത്തൽ ഇങ്ങനെ
ഡൽഹി: ഈ വർഷം അവസാനം 4 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പോരാട്ടത്തിന് കളമൊരുങ്ങുന്നത്. ഇതിൽ ഛത്തീസ്ഗഡും രാജസ്ഥാനും മാത്രമാണ് നിലവിൽ കോൺഗ്രസിന്റെ കൈയ്യിലുള്ളത്. എന്നാൽ ആഞ്ഞ് പിടിച്ചാൽ ഇത്തവണ മധ്യപ്രദേശിലടക്കം അട്ടിമറി നേട്ടം കൊയ്യാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലു വിജയ പ്രതീക്ഷ പാർട്ടി നേതൃത്വത്തെ അറിയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് കോൺഗ്രസിന്റെ തന്ത്രരൂപീകരണത്തിന്റെ ചുമതല വഹിക്കുന്ന കനുഗൊലു പ്രത്യേക സർവ്വേകൾ നടത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കനുഗോലുവിന്റെ റിപ്പോർട്ട്. ഛത്തീസ്ഗഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് കനുഗൊലു നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ ഇത്തവണയും നേതൃത്വത്തെ തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം രാജസ്ഥാനിൽ കോൺഗ്രസ് വിയർക്കുമെന്ന സൂചനയാണ് കനുഗോലു നൽകുന്നത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇതിനെ മറികടക്കാൻ വരും ദിവസങ്ങളിൽ നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകുന്നത്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും യുവ നേതാവും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയും ഇവിടെ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഹൈക്കമാന്റ് ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കിയെങ്കിലും നേതാക്കൾ തമ്മിലുള്ള അതൃപ്തികൾ ഇപ്പോഴും ശക്തമാണ്.
അതിനിടെ കർണാടകയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ മധ്യപ്രദേശിൽ നിലനിൽക്കുന്നതെന്നാണ് കനുഗോലു ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ആഞ്ഞ് പിടിച്ചാൽ മധ്യപ്രദേശ് കൂടെ പോരുമെന്ന് അദ്ദേഹം പറയുന്നു. കർണാടകയിൽ മുഖ്യമന്ത്രി ബസരാജ് ബൊമ്മൈ അടക്കമുള്ള മന്ത്രിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയായിരുന്നു കോൺഗ്രസ് ബിജെപിയെ വീഴ്ത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരേയും സമാന രീതിയിൽ നേരിടാനാണ് കോൺഗ്രസ് തന്ത്രം.
മധ്യപ്രദേശിൽ 50 ശതമാനം കമ്മീഷൻ സർക്കാരാണെന്ന് കഴിഞ്ഞ ദിവസം പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. അഴിമതി ചൂണ്ടിക്കാട്ടിയുള്ള പ്രചരണം ചൂടുപിടിപ്പിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് ഇത്തരം പ്രചരണങ്ങൾ എന്നാണ് റിപ്പോർട്ട്.
അതേസമയം തെലങ്കാനയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ ബി ആർ എസും തമ്മിൽ നടക്കുകയെന്നാണ് കനുഗോലുവിന്റെ വിലയിരുത്തൽ. ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാൽ ബിആർഎസിനെ താഴെയിറക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications