ഡൽഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് അതിഷി; അരവിന്ദ് കെജ്രിവാളിന്റെ കസേര ഒഴിച്ചിട്ടു
ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതിഷി ഇരുന്നത്. കെജ്രിവാളിന്റെ മടങ്ങിവരവിനാണ് ആ കസേര ഒഴിഞ്ഞിട്ടതെന്ന് അതിഷി പറഞ്ഞു. രാമായണത്തിലെ ഭരതന്റെ സമാനമായ അവസ്ഥയാണ് തന്റേതെന്നു ശ്രീരാമന്റെ മെതിയടികൾ സിംഹാസനത്തിൽ ഇട്ട് ഭരിച്ചത് പോലെ, അതേ ചൈതന്യത്തോടെ അടുത്ത നാല് മാസത്തേക്ക് താൻ ഡൽഹി ഭരിക്കുമെന്നും അവർ പറഞ്ഞു.
' ഭരതൻ വഹിച്ച അതേ ഭാരമാണ് ഇന്ന് ഞാനും വഹിക്കുന്നത്. ശ്രീരാമന്റെ ചെരുപ്പുകൾ സിംഹാസത്തിൽ ഇട്ട് രാജ്യം ഭരിച്ച അതേ മനോഭാവത്തോടെയാണ് അടുത്ത നാല് മാസം ഞാനും ഡൽഹി ഭരിക്കുക. അടുത്ത തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്രിവാളിനെ അധികാരത്തിലേറ്റും, ' അതിഷി പറഞ്ഞു.

ഈ കസേര അരവിന്ദ് കെജ്രിവാളിന്റേതാണ്. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ജന അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുവരെ ഈ കസേര ഇങ്ങനെ ഒഴിഞ്ഞ് കിടക്കും, കെജ്രിവാളിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു, അവർ പറഞ്ഞു.
അതേ സമയം, കസേര ഒഴിച്ചിട്ട രീതിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഇത് ഭരണഘടനാ മാനദണ്ഡങ്ങളോടുള്ള അവഗണനയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനോടുള്ള അവഹേളനമാണെന്നും ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ വിമർശിച്ചു. മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് രണ്ട് കസേരകൾ വയ്ക്കുന്നത് ഭരണഘടനയോടും ചട്ടങ്ങളോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമുള്ള അനാദരവാണ്, അദ്ദേഹം പറഞ്ഞു.
43 വയസ്സുള്ള അതിഷി, ഡൽഹി കണ്ട ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്. അബ്കാരി നയ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിനെ തുടർന്ന് അരവിന്ദ് കെജ്രിവാൾ പടിയിറങ്ങിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, വൈദ്യുതി, പിഡബ്ല്യുഡി എന്നിങ്ങനെ കെജ്‌രിവാൾ സർക്കാരിൽ നിന്ന് 13 പ്രധാന പോർട്ട്‌ഫോളിയോകൾ അതിഷി ഏറ്റെടുത്തു. അഞ്ച് മന്ത്രിമാർ അടങ്ങുന്ന കാബിനറ്റിൽ മുൻ മന്ത്രാലയത്തിലെ നാല് പേരും ഒരു പുതുമുഖവും ഉൾപ്പെടുന്നു.
കോൺഗ്രസിൻ്റെ ഷീലാ ദീക്ഷിതിനും ബി ജെ പിയുടെ സുഷമ സ്വരാജിനും പിന്നാലെ ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിത എന്ന നിലയിൽ അതിഷിയുടെ നിയമനം ഡൽഹിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്. വളരെ കുറഞ്ഞ കാലവധി മാത്രമെ ഉള്ളൂവെങ്കിലും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും ഉയർത്തിപ്പിടിക്കാൻ അതിഷിക്ക് സ്ഥാനം നിർണായകമാണ്.












Click it and Unblock the Notifications