ഹരിയാനയില്‍ ഫോഗട്ട് സഹോദരിമാരുടെ പോര്, വിനേഷിന്റെ പരാമര്‍ശം ഇടുങ്ങിയ ചിന്താഗതിയെന്ന് ബബിത
ന്യൂഡല്‍ഹി: ഹരിയാനയില്‍ ഫോഗട്ട് സഹോദരിമാര്‍ തമ്മില്‍ വാക്‌പോര്. ബിജെപി നേതാവ് ബബിത ഫോഗട്ടാണ് ഇപ്പോള്‍ വിനേഷ് ഫോഗട്ടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചിഹ്നം ഇത്തവണ ബിജെപിക്ക് ലഭിക്കുന്ന അടിയായിരിക്കും. ഒക്ടോബര്‍ അഞ്ചിന് ആ അടി ഡല്‍ഹിയില്‍ എത്തുമെന്നും വിനേഷ് ഫോഗട്ട് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ജുലാന സ്ഥാനാര്‍ത്ഥിയാണ് വിനേഷ് ഫോഗട്ട്.
ഇടുങ്ങിയ ചിന്താഗതിയോടെയുള്ളതാണ് വിനേഷിന്റെ പരാമര്‍ശങ്ങളെന്ന് ബബിത തുറന്നടിച്ചു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് വിനേഷ് ചിന്തിക്കുന്നത് നല്ലതാണ്. പറയുന്ന വാക്കുകള്‍ നമ്മള്‍ ആരാണെന്ന് പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്നും ബബിത പറഞ്ഞു.

അതേസമയം ബിജെപി തുടര്‍ച്ചയായ മൂന്നാം തവണ ഹരിയാന പിടിക്കുമെന്ന് ബബിത എഎന്‍ഐയോട് പ്രതികരിച്ചു. ബിജെപി സര്‍ക്കാര്‍ ഹരിയാനയില്‍ കൊണ്ടുവന്ന വികസനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ സീനിയര്‍ നേതാക്കള്‍ മുന്നിലുണ്ടെന്നും ബബിത പറയുന്നു. പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ചുമതല. ബിപ്ലവ് ദേവ് ഹരിയാനയില്‍ എത്തിയത് അതിനാണ്. പാര്‍ട്ടിക്ക് അതിലൂടെ വിജയത്തിലേക്ക് നടന്നു കയറാനാവുമെന്നും ബബിത പറഞ്ഞു.
വിനേഷ് ഫോഗട്ടിന്റെ പ്രചാരണം ബിജെപിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു. വലിയ ജനപിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ബബിത ഫോഗട്ടിന്റെ പാര്‍ട്ടി രംഗത്തിറക്കിയത്. വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളാണ് വിനേഷ് ഫോഗട്ട് ഉന്നയിക്കുന്നത്. തൊഴിലില്ലായ്മയ്ക്കും നിങ്ങള്‍ അപമാനിച്ചതിനുമെല്ലാം ഞങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് നേരത്തെ ജൂലാനയിലെ പ്രചാരണത്തില്‍ വിനേഷ് പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ജൂലാനയില്‍ വിനേഷിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
അതേസമയം ബിജെപിക്കെതിരെ ചൊവ്വാഴ്ച്ച രാഹുല്‍ ഗാന്ധിയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തൊഴിലില്ലായ്മ കാരണം ലക്ഷകണക്കിന് കുടുംബങ്ങളാണ് ഹരിയാനയില്‍ ദുരിതം അനുഭവിക്കുന്നത്. പലര്‍ക്കും സംസ്ഥാനം വിട്ട് മറ്റൊരിടത്ത് ജോലിക്കായി പോവേണ്ടി വരികയാണ്. അതുകൊണ്ട് കുടുംബത്തെ കാണാന്‍ പോലും സാധിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.
അടുത്തിടെ ഹരിയാനയിലെ യുവസമൂഹത്തെ താന്‍ കണ്ടിരുന്നതായും രാഹുല്‍ പറഞ്ഞു. പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ഈ രാജ്യത്തെ യുവാക്കളോടാണ് ബിജെപി അനീതി കാണിച്ചിരിക്കുന്നത്. അവരുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കിയിലെ കഥാപാത്രവുമായിട്ടാണ് ഹരിയാനയിലെ യുവാക്കളെ രാഹുല്‍ ഉപമിച്ചത്. എന്തുകൊണ്ടാണ് ഹരിയാനയിലെ യുവാക്കള്‍ ഡങ്കികളായി മാറുന്നതെന്നും രാഹുല്‍ ചോദിച്ചു. ഈ ചിത്രം ഡോങ്കി ഫ്ളെെറ്റ് എന്ന അനധികൃത കുടിയേറ്റത്തെ കുറിച്ചുള്ളതാണ്. യുഎസ്സില്‍ വെച്ച് ഹരിയാനയില്‍ നിന്നുള്ള കുടിയേറ്റക്കാരായ യുവാക്കളെ കണ്ടിരുന്നു. അവരുടെ സ്ഥിതി ദയനീയമാണ്. അവര്‍ക്ക് സ്വന്തം രാജ്യത്ത് ജോലി ചെയ്ത് വരുമാനം ലഭിക്കേണ്ടതാണ്. എന്നാല്‍ അത് സാധ്യമാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications