പിണറായിയും രക്ഷയായില്ല: ബാഗേപ്പള്ളിയില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം സിപിഎം മൂന്നാം സ്ഥാനത്ത്
കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എം വിജയം പ്രതീക്ഷിച്ച ബാഗേപ്പള്ളിയില്‍ പാർട്ടി സ്ഥാനാർത്ഥിക്ക് കനത്ത പരാജയം. നാല് പതിറ്റാണ്ടിന് ശേഷം മണ്ഡലത്തില്‍ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിർത്തി. ബി ജെ പിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ എസ് എന്‍ സുബ്ബറെഡ്ഡിക്ക് 81383 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിക്ക് ആദ്യമായി മണ്ഡലത്തില്‍ 62225 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് ഭൂരിപക്ഷം 19158.
വിജയം പ്രതീക്ഷിച്ച സി പി എം സ്ഥാനാർത്ഥി അനില്‍കുമാറിന് 19621 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു. കർണാടകയില്‍ സി പി എമ്മിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നായതിനാല്‍ തന്നെ ബാഗേപ്പള്ളിയില്‍ ഇത്തവണ സി പി എം വിജയം പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് മുന്നോടിയായി കേരള മുഖ്യമന്ത്രി പിണറായി വിജയനെയടക്കം മണ്ഡലത്തിലെത്തിച്ച് പാർട്ടി വലിയ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.

സിപിഎം പ്രതീക്ഷകള്‍
സ്ഥാനാർത്ഥി ഡോ.അനില്‍ കുമാറിന്റെ ജനകീയതയിലും പാർട്ടി വലിയ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നു. സഖ്യ ധാരണയുടെ അടിസ്ഥാനത്തില്‍ സി പി എമ്മിന് പിന്തുണ നല്‍കുന്നതിന് വേണ്ടി ജെ ഡി എസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിന്‍വലിച്ച മണ്ഡലം കൂടിയാണ് ബാഗേപ്പള്ളി. മണ്ഡലത്തിന് കീഴിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും സിപിഎമ്മിനാണ് ഭരണം. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്തിയ ജെ ഡി എസ് പിന്തുണ കൂടിയായപ്പോള്‍ വിജയം സുനിശ്ചതമാണെന്നായിരുന്നു നേതാക്കളുടെ അവകാശവാദം.
കർണാടകയില്‍ സി പി എം മൂന്ന് തവണ വിജയിച്ച ഒരേയൊരു മണ്ഡലം കൂടിയാണ് ആന്ധ്രാപ്രദേശുമായി അതിർത്ത് പങ്കിടുന്ന ബാഗേപ്പള്ളി. 1983ൽ എ വി അപ്പാസ്വാമി റെഡ്ഡിയും 1994ലും 2004ലും ജി വി ശ്രീരാമ റെഡ്ഡിയുമാണ് ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥികള്‍. 2018 ല്‍ സുബ്ബറെഡ്ഡിക്ക് 65710 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ എം എല്‍ എ കൂടിയായ സി പി എമ്മിന്റെ ജിവി ശ്രീരാമ റെഡ്ഡിക്ക് 51697 വോട്ടുകളായിരുന്നു ലഭിച്ചത്.

പരാജയം എന്തുകൊണ്ട്
ജെ ഡി എസ് സ്ഥാനാർത്ഥിയായ സിആർ മനോഹർ 38302 വോട്ടുകളുമായി മൂന്നാമത് എത്തിയപ്പോള്‍ ബി ജെ പിയുടെ സായികുമാറിന് 4140 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. അന്നത്തെ നാലായിരത്തോളം വോട്ടാണ് ബി ജെ പി ഇന്ന് അറുപതിനായിരത്തിന് മുകളിലേക്ക് ഉയർത്തിയത്. കോണ്‍ഗ്രസ് തരംഗത്തോടൊപ്പം മണ്ഡലത്തിലെ ആഭ്യന്തര പ്രശ്നങ്ങളും സി പി എമ്മിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഘടന പ്രശ്നങ്ങളെ തുടർന്ന് ശ്രീരാമറെഡ്ഡിയെ സി പി എം പാർട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. 2018 ലായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റി സ്ഥാനത്തുനിന്നും കർണാടക സംസ്ഥാന കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും ശ്രീരാമറെഡ്ഡിയെ പുറത്താക്കുന്നത്. ഇതേ തുടർന്ന് അദ്ദേഹം പ്രജാ സംഘർഷ സമിതി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. പാർട്ടിയിലേക്ക് വീണ്ടും മടങ്ങാനുള്ള ചർച്ചകള്‍ നടക്കുന്നതിനിടെ 2022 ല്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. പ്രജാ സംഘർഷ സമിതിയെ സി പി എമ്മില്‍ ലയിപ്പിക്കാനുള്ള ചർച്ചകള്‍ നടന്നെങ്കിലും അതും വിജയം കണ്ടിരുന്നില്ല.
ബാഗേപ്പള്ളിക്ക് പുറമെ കെആർ പുരത്തും കെജിഎഫിലും ഗുൽബർഗ റൂറലിലുമാണ് സി പി എം ഇത്തവണ മത്സരിച്ചത്. നേരത്തെ വിജയിച്ച ചരിത്രമുള്ള കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിൽ സി പി ഐയും സി പി എമ്മും നേർക്കുനേർ പോരാടിയെന്ന പ്രത്യേകതയുമുണ്ട്. കോലാറില്‍ 1008 വോട്ടുകളുമായി സി പി എം അഞ്ചാമതും 918 വോട്ടുമായി സി പി ഐ ആറാമതുമാണ്.












Click it and Unblock the Notifications