ബംഗ്ലാദേശ്: പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഇന്ത്യ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഹസീന തിരികെ എത്തും
ഡല്‍ഹി: ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ (ഐബിബി) സാഹചര്യങ്ങള്‍ നിരീക്ഷിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പാർലമെന്റില്‍ വ്യക്തമാക്കിയത്.
ഈസ്റ്റേൺ കമാൻഡിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എ ഡി ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരുടെയും ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രവർത്തിക്കും. ഇതിനായി ബംഗ്ലാദേശിലെ അധികൃതരുമായി ഇവർ ചർച്ചകള്‍ നടത്തും.

ഐജി - ബി എസ് എഫ് ഫ്രോണ്ടിയർ എ ച്ച്ക്യു സൗത്ത് ബംഗാൾ, ഐജി - ബി എസ് എഫ് ഫ്രോണ്ടിയർ എ ച്ച്ക്യു ത്രിപുര, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് മെമ്പർ, എൽ പി എ ഐ സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
അതിനിടെ, നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ വ്യാഴാഴ്ച (ആഗസ്റ്റ് 8, 2024) ബംഗ്ലാദേശിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഷെയ്ഖ് ഹസീന രാജിവച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത തിരഞ്ഞെടുപ്പ് വരേയുള്ള കാലയളവിലേക്കായി മുഹമ്മദ് യൂനസ് അധികാരമേറ്റെടുത്തത്.
അധികാരമേറ്റെടുത്ത മുഹമ്മദ് യുനസിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു. അയൽരാജ്യം സാധാരണ നിലയിലേക്കു തിരികെ എത്തട്ടെയെന്നും ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാകട്ടെയെന്നും നരേന്ദ്ര മോദി ആശംസിച്ചു.
"പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതിന് പ്രൊഫസർ മുഹമ്മദ് യൂനുസിന് എന്റെ ആശംസകൾ. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷസമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി, സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ചെത്തുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ സമാധാനം, സുരക്ഷ, വികസനം എന്നിവയ്ക്കായി ഇരുരാജ്യങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ബംഗ്ലാദേശുമായി ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്." പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങി വരുമെന്ന് അവരുടെ മകന്‍ വ്യക്തമാക്കി. "തൽക്കാലം അവൾ ഇന്ത്യയിലാണ്. ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നിമിഷം അവൾ ബംഗ്ലാദേശിലേക്ക് മടങ്ങും." ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ സജീബ് വാസെദ് ജോയ് വ്യക്തമാക്കി.












Click it and Unblock the Notifications