കേന്ദ്ര സേന വെടിവച്ചു; 4 തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, സംഘര്‍ഷമുണ്ടായ ബൂത്തില്‍ പോളിങ് നിര്‍ത്തി
കൊല്‍ക്കത്ത: നാലാം ഘട്ട പോളിങ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. കൂച്ച് ബിഹിറാല്‍ അര്‍ധ സൈനികര്‍ നടത്തിയ വെടിവയ്പില്‍ 4 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സിതാല്‍കുര്‍ച്ചി നിയോജക മണ്ഡലത്തിലെ 126 ാം ബൂത്തില്‍ പോളിങ് നിര്‍ത്തിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോളിങ് മാറ്റിവച്ചത്. ഇന്ന് വൈകീട്ട് വിശദമായ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇലക്ഷന്‍ കമ്മീഷന് കൈമാറും. ഹമീദുല്‍ ഹഖ്, ഹമീഉല്‍ ഹഖ്, മനീറുല്‍ ഹഖ്, നൂര്‍ ആലം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിക്കും.

സിആര്‍പിഎഫിന്റെ വെടിയേറ്റ് നാല് പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. രാവിലെ മറ്റൊരാളും തിരഞ്ഞെടുപ്പിനെ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ഞങ്ങളുടെ ശത്രുവല്ല. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. ഇന്നത്തെ സംഭവം അത് ശരിവെക്കുന്നു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നവരെയാണ് വെടിവച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. പരാജയപ്പെടുമെന്ന് ബിജെപി ഉറപ്പിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് വോട്ടര്‍മാരെയും പ്രവര്‍ത്തകരെയും അവര്‍ കൊലപ്പെടുത്തുന്നത് എന്നും മമത ബാനര്‍ജി പറഞ്ഞു.
ഗ്രാമീണര്‍ അക്രമിച്ചതിനെ തുടര്‍ന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിവച്ചതെന്ന് ജില്ലാ പോലീസ് ഓഫീസര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമം നടന്നു. ഗത്യന്തരമില്ലാതെയാണ് വെടിവച്ചതെന്നും പോലീസ് പറയുന്നു. തങ്ങളുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. പോളിങ് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഡിഐജി അറിയിച്ചു. മദഭംഗയില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ ഉപരോധിച്ചത്. പിന്നീടാണ് വെടിവയ്പ്പുണ്ടായത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് വെടിവച്ചതെന്നും ഡിഐജി പറഞ്ഞു.












Click it and Unblock the Notifications