Bengaluru bandh; ഗതാഗതം തടസപ്പെടും, വ്യാപര സ്ഥാപനങ്ങളും പ്രവർത്തിക്കില്ല, എന്തൊക്കെ പ്രവർത്തിക്കും? അറിയാം
തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കത്തെ തുടർന്ന് കന്നഡ അനുകൂല, കർഷക സംഘടനകൾ നാളെ ബാംഗ്ലൂരിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിവിധ ട്രേഡ് യൂനിയനുകള്‍ അടക്കം 100ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ അറിയിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ബന്ദ്.
ബെംഗളൂരുവിന് ലഭിക്കേണ്ട വെള്ളമാണ് തമിഴ്നാടിന് നല്‍കുന്നതെന്നും അതുകൊണ്ട് തന്നെ ബന്ദിന് മുഴുവൻ ബാംഗ്ലൂർ നിവാസികളും പിന്തുണ നൽകണമെന്നുമാണ് സംഘടനകൾ അഭ്യർത്ഥച്ചത്. ബന്ദിന് ബി ജെ പി, ജെ ഡി എസ് തുടങ്ങിയ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. അതേസമയം കൂടുതൽ സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാളെ നഗരത്തിൽ ജനജീവിതം സ്തംഭിച്ചേക്കും.

വ്യാപര സ്ഥാപനങ്ങൾ ,മാളുകൾ കമ്പനികൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. ഐടി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന് കന്നഡ അനൂകൂല സംഘടനകൾ അഭ്യർത്ഥിച്ചിട്ടുണ്ട്.സംഘടനയ്ക്ക് കീഴിലുള്ള എല്ലാ സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്ന് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ (RUPSA) അറിയിച്ചു. അതേസമയം പരീക്ഷകൾ ഷെഡ്യൂൾ അനുസരിച്ച് തന്നെ നടക്കും.
തുറന്ന് പ്രവർത്തിക്കണമോയെന്നത് സംബന്ധിച്ച് അതത് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് കർണാടക അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് സ്‌കൂൾസ് (കെഎഎംഎസ്) അറിയിച്ചു.
കർണാടക ആർ ടി സിയും ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സികൾ, ക്യാബുകൾ, ഓട്ടോറിക്ഷ, ബൈക്ക് സേവനങ്ങൾ എന്നിവ ഉണ്ടായിരിക്കില്ല. ഹോട്ടലുകളും വഴിയോര കച്ചവടങ്ങളും റസ്റ്റോറന്റുകളും തുറക്കില്ല. തീയറ്ററുകളും മൾട്ടിപ്ലക്സുകളും അടഞ്ഞ് കിടക്കും. അതേസമയം ആശുപത്രികളും നഴ്സിംഗ് ഹോമുകളും ഫാർമസികളും തുറക്കും. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കും. മെട്രോയും സർവ്വീസ് നടത്തും.












Click it and Unblock the Notifications