ബെംഗളൂരുവില്‍ വാടക വീടിനായുള്ള അന്വേഷണത്തിലാണോ? ഈ പുതിയ നിയമങ്ങള്‍ അറിയാതെ പോകരുത്
രാജ്യത്തെ വാടക കരാറുമായി ബന്ധപ്പെട്ട് സുപ്രധാന നിയമമാണ് കഴിഞ്ഞ ദിവസം നിലവില്‍ വന്നത്. വാടക വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതാണ് നിയമം. ഇനി ഉടമസ്ഥര്‍ക്ക് വീടിന്റെ വാടക തോന്നുംപടി കൂട്ടാനോ സെക്യൂരിറ്റി ഡിപ്പോസിറ്റ് സ്വീകരിക്കാനോ കഴിയില്ല. പുതിയ നിയമപ്രകാരം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പരമാവധി രണ്ടു മാസത്തെ വാടക മാത്രമേ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കാന്‍ കഴിയൂ. രാജ്യത്തെ വാടക സമ്പ്രദായത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ 'ഹോം റെന്റ് റൂള്‍സ് 2025'.
ബെംഗളൂരു, മുംബൈ, ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ താമസിക്കുന്ന വാടകക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. ജോലി, വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതം എന്നിവയ്ക്കായി പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ഈ നഗരങ്ങളിലേക്ക് എത്തുന്നത്. വലിയ നഗരങ്ങളില്‍ വീടുകള്‍ വാടകയ്ക്ക് എടുക്കാന്‍ ഉയര്‍ന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കേണ്ടി വരുന്നതാണ് വാടകക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ആറു മുതല്‍ 10 മാസം വരെ വാടക ചോദിക്കുന്ന ഉടമസ്ഥര്‍ ഉണ്ട്. ഈ സമ്പ്രദായത്തിന് ഒരു അറുതി വരുത്തുന്നതാണ് പുതിയ നിയമങ്ങള്‍. വാടകക്കാരും വീട്ടുടമസ്ഥനും തമ്മിലുള്ള ബന്ധം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കിയത്. പുതിയ നിയമപകാരം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് രണ്ടു മാസത്തെ വാടക മാത്രമേ സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാന്‍ കഴിയൂ.

വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രത്യേകിച്ച് നഗരങ്ങളില്‍ പലരും വാക്കലുള്ള കരാര്‍ പ്രകാരമോ അല്ലെങ്കില്‍ കൈകൊണ്ട് എഗ്രിമെന്റ് എഴുതി നല്‍കിയോ ആണ് വീടുകള്‍ വാടകയ്ക്ക് എടുക്കുന്നത്. ഇത് പിന്നീട് വലിയ ആശയക്കുഴപ്പങ്ങളിലേക്കും വാടകക്കാരെ പുറത്താക്കുന്നതിലേക്കും തര്‍ക്കങ്ങളിലേക്കും നയിക്കാറുണ്ട്. പലപ്പോഴും ഉടമസ്ഥര്‍ സെക്യൂരിറ്റി ഡിപ്പോസിറ്റായി വാങ്ങുന്ന വലിയ തുക തിരികെ കൊടുക്കാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. പുതിയ കരാറുകള്‍ ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. നിയമം പ്രാബല്യത്തില്‍ വന്നതോടെ അനൗപചാരിക വാടക ഇടപാടുകള്‍ നിയമവിരുദ്ധമാകും.
പുതിയ നിയമപ്രകാരം വാടക കരാറുകള്‍ രണ്ടു മാസത്തിനുള്ളില്‍ ഓണ്‍ലൈനായോ പ്രാദേശിക രജിസ്ട്രാറുടെ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണം. കരാര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ 5000 രൂപ പിഴ ഈടാക്കും. അന്യായമായ വ്യവസ്ഥകള്‍ എഴുതി ചേര്‍ക്കാതിരിക്കാന്‍ വാടക കരാറിന്റെ ഒരു
ടെംപ്ലേറ്റും അവതരിപ്പിച്ചു. പുതിയ വാടക നിയമങ്ങള്‍ അനുസരിക്കാന്‍ വീട്ടുടമസ്ഥനും വാടകക്കാരും ഒരുപോലെ ബാധ്യസ്ഥരാണ്.
ഇനി മുതല്‍ വീട്ടുടമസ്ഥര്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വാടക വര്‍ധിപ്പിക്കാന്‍ കഴിയൂ. വാടക വര്‍ധിപ്പിക്കുന്നതിന് 90 ദിവസം മുമ്പ് അറിയിപ്പ് നല്‍കുകയും വേണം. വാടകക്കാരോട് ഒറ്റ രാത്രികൊണ്ട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടാനും കഴിയില്ല. അതിന് നിയമാനുസൃതമായ സമയം നല്‍കണം.
പ്രതിമാസം വാടക 5000 രൂപയില്‍ കൂടുതലാണെങ്കില്‍ വാടകക്കാര്‍ യുപിഐ, ബാങ്ക് ട്രാന്‍സ്ഫര്‍ പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം നല്‍കണം. ഇത് പണം ഇടപാടുകള്‍ സുതാര്യമാക്കാന്‍ സഹായിക്കും. ഇനി മുതല്‍ വാടക തര്‍ക്കങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്ന അവസ്ഥ ഉണ്ടാകില്ല. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വാടക കോടതികളും ട്രൈബ്യൂണുകളും സ്ഥാപിക്കും. വാടക തര്‍ക്കങ്ങള്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. ബെംഗളൂരു, മുംബൈ ഉള്‍പ്പെടെയുള്ള വലിയ നഗരങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍.












Click it and Unblock the Notifications