മുഖ്യമന്ത്രിയായി ഭൂപീന്ദർ സിംഗ് ഹൂഡ മതി: കോണ്‍ഗ്രസ് നേതാവിനായി ജനങ്ങള്‍, സെയ്നിക്ക് തിരിച്ചടി
നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന സർവ്വേകളില്‍ അധികവും അഭിപ്രായപ്പെടുന്നത് പത്ത് വർഷത്തിന് ശേഷം ഹരിയാനയില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വരുമെന്നാണ്. അധികാരത്തിലിരിക്കുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമ്പോള്‍ കോണ്‍ഗ്രസ് തനിച്ച് തന്നെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നും സർവ്വേകള്‍ അവകാശപ്പെടുന്നു.
കോണ്‍ഗ്രസിന് ഹരിയാനയില്‍ കേവല ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ചകളും ഇതിനോടകം തന്നെ ശക്തമായി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഭൂപീന്ദർ സിംഗ് ഹൂഡ തന്നെ മുഖ്യമന്ത്രിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർവ്വേകളിലും അദ്ദേഹത്തിന് തന്നെയാണ് മുന്‍തൂക്കം.

ഇന്ത്യാടുഡെ-സി വോട്ടർ സർവ്വേ പ്രകാരം ആരാകണം ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഭൂപീന്ദർ സിംഗ് ഹൂഡ എന്നാണ് ഹരിയാനയിലെ ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ നയാബ് സിംഗ് സെയ്‌നി സർവ്വേയില്‍ രണ്ടാമതാണ്. കോൺഗ്രസ് നേതാക്കളായ ദീപേന്ദർ സിംഗ് ഹൂഡ, കുമാരി സെൽജ എന്നിവരാണ് മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവരുടെ പട്ടികയില്‍ മൂന്നാമതും നാലാമതുമുള്ളത്. മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ബി ജെ പി നേതാവ് മനോഹർ ലാൽ ഖട്ടാറാണ് പട്ടികയിലെ അഞ്ചാമത്.
സർവ്വേ അനുസരിച്ച് ഭൂപീന്ദർ സിംഗ് ഹൂഡ 30.8 ശതമാനം വോട്ടുകളുമായിട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 22.1 ശതമാനം വോട്ടുകൾ നേടിയ സൈനിക്ക് ലഭിച്ചപ്പോള്‍ 9.5 ശതമാനം വോട്ടുകളാണ് ദീപേന്ദർ ഹൂഡ നേടിയത്. സെല്‍ജയ്ക്ക് 4.9 ശതമാനം വോട്ടു മനോഹർ ലാൽ ഖട്ടാറിന് 4.5 ശതമാനം പേരുടേയും പിന്തുണ ലഭിച്ചു.
ഭൂപീന്ദർ ഹൂഡ പുരുഷ വോട്ടർമാർക്കിടയിൽ കൂടുതൽ ജനപ്രിയനായിരുന്നുവെന്നും സർവ്വേ അവകാശപ്പെടുന്നു. പുരുഷന്മാരില്‍ 32.6 ശതമാനം ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. അതേസമയം സ്ത്രീകളില്‍ 28.9 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത് മറുവശത്ത്. 22.5 ശതമാനം പുരുഷന്മാരുടെയും 21.7 ശതമാനം സ്ത്രീകളുടെയും പിന്തുണയാണ് നയാബ് സിംഗ് സെയ്‌നിക്ക് ലഭിച്ചത്. 20 ശതമാനം പുരുഷന്മാരും 24.6 ശതമാനം സ്ത്രീകളും ഒരു പുതുമുഖം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും സർവ്വെ അവകാശപ്പെടുന്നു.
അതേസമയം വലിയ ആത്മവിശ്വാസമാണ് സർവ്വേകള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് നല്‍കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ കോൺഗ്രസിന് 44-54 വരെ സീറ്റുകളും ബി ജെ പിക്ക് 15-29 വരെ സീറ്റുകളും ലഭിക്കുമെന്നാണ് ദൈനിക് ഭാസ്‌കർ സർവ്വെ അവകാപ്പെടുന്നത്. സി-വോട്ടർ-ഇന്ത്യ ടുഡേ സർവേയിൽ ഹരിയാനയിൽ കോൺഗ്രസിന് 50-58 സീറ്റുകളും ബി ജെ പിക്ക് 20-28 സീറ്റുകളും പ്രവചിച്ചു. റിപ്പബ്ലിക് ഭാരത്-മാട്രൈസ് സർവേയില്‍ ബി ജെ പിക്ക് 18-24 സീറ്റുകളും കോൺഗ്രസിന് 55-62 സീറ്റുകളും ലഭിക്കുമെന്ന് അവകാശപ്പെടുന്നു.












Click it and Unblock the Notifications