തെലങ്കാനയിൽ ബിജെപിക്ക് വൻ ഞെട്ടൽ; കോൺഗ്രസിലേക്ക് മടങ്ങി മുതിർന്ന നേതാവ്
ഹൈദരാബാദ്: കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്ന മുതിർന്ന നേതാവ് കെ രാജഗോപാൽ റെഡ്ഡി വീണ്ടും കോൺഗ്രസിലേക്ക്. അദ്ദേഹം തന്നെയാണ് പാർട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് തിരികെ പോകാനുള്ള തീരുമാനമെന്ന് എക്സിൽ അദ്ദേഹം കുറിച്ചു.
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബി ജെ പി സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ പട്ടികയിൽ രാജഗോപാൽ റെഡ്ഡിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരികെ വരാൻ അദ്ദേഹം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവു സർക്കാരിനെ വെട്ടിലാക്കുക എന്ന ലക്ഷ്യത്തിലാണ് താൻ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് പോയതെന്നും ജനങ്ങളുടെ മാനസികാവസ്ഥ ഇക്കുറി കോൺഗ്രസിന് അനുകൂലമാണെന്നും റെഡ്ഡി പറഞ്ഞു.

2018 ൽ മുനുഗോഡ് മണ്ഡലത്തിൽ നിന്നും കൂറ്റൻ വിജയം നേടിയ നേതാവായിരുന്നു രാജഗോപാൽ റെഡ്ഡി. എന്നാൽ 2022 ൽ നേതൃത്വവുമായി ഇടഞ്ഞ് അദ്ദേഹം പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുകയായിരുന്നു. തുടർന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ബി ജെ പിക്കും ടി ആർ എസിനും ഒരു പോലെ നിർണായകമായിരുന്നു അന്ന് മുനുഗുഡ് ഉപതിരഞ്ഞെടുപ്പ്.
കോൺഗ്രസിന്റെ ശക്തി കേന്ദ്രത്തിൽ രാജഗോപാല റെഡ്ഡിയെ തന്നെ ഇറക്കി മണ്ഡലം പിടിക്കാനായിരുന്നു ബി ജെ പി പദ്ധതി. എന്നാൽ ബി ജെ പിയുടെ എല്ലാ പ്രതീക്ഷകളേയും നിലംപരിശാക്കി 10,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസ് ആയിരുന്ന കോൺഗ്രസിൽ നിന്നും മണ്ഡലം പിടിച്ചെടുത്തത്. ബി ആർ എസിന്റെ കെ പ്രഭാകർ റെഡ്ഡി 10,309 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്.
അതേസമയം അന്ന് ത കോടികളായിരുന്നു തിരഞ്ഞെടുപ്പിൽ ഒഴുകിയതെന്നായിരുന്നു റിപ്പോർട്ട്. 2,41,805 വോട്ടർമാരുള്ള മുനുഗോഡ് നിയമസഭ മണ്ഡലത്തിൽ 75 ശതമാനം പേർക്കും പാർട്ടികൾ പണം നൽകിയിട്ടുണ്ടെന്നായിരുന്നു തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ ഗുഡ് ഗവർണൻസ് ആരോപിച്ചത്. ഉപതിരഞ്ഞെടുപ്പിനായി 627 കോടിയോളം രൂപയാണ് ചെലവഴിക്കപ്പെട്ടതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എഫ് സി ജി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.












Click it and Unblock the Notifications