പരാജയത്തിന്റെ പടുകുഴിയിലേക്ക്...തലകുനിച്ച് കോൺഗ്രസ്.. ബിഹാറിൽ കിട്ടിയത് വെറും 19 സീറ്റ്
പട്ന; ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ തന്നെ കോൺഗ്രസ് തങ്ങളുടെ മുതിർന്ന നേതാക്കളെ പാട്നയിലേക്ക് അയച്ചിരുന്നു. മഹാസഖ്യത്തിന്റെ കൂറ്റൻ വിജയം പ്രവചിച്ച സർവ്വേ ഫലങ്ങൾ ശരിയായൽ സ്വന്തം എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനും ഏത് വിധേനയും സംസ്ഥാനത്ത് ഭരണത്തിലേറാനുമായിരുന്നു ഇത്.എന്നാൽ ഫലം വന്നപ്പോൾ നീക്കങ്ങളെല്ലാം പിഴച്ച കോൺഗ്രസിനേയാണ് ബിഹാറിൽ കണ്ടത്. ബിഹാറിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണ് തലകുനിച്ച് നിൽക്കുകയാണ് കോൺഗ്രസ്.

കോൺഗ്രസ് മത്സരിച്ചത്
2015 ൽ 41 സീറ്റിലായിരുന്നു ബിഹാറിൽ കോൺഗ്രസ് മത്സരിച്ചത്. ഇതിൽ 27 ഇടത്താണ് കോൺഗ്രസിന് ജയിക്കാനായത്. ഇക്കുറി 70 സീറ്റായിരുന്നു മഹാസഖ്യത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിന്റെ ഈ ആവശ്യം സഖ്യത്തിലെ മുഖ്യകക്ഷിയായ ആർജെഡി അംഗീകരിച്ചിരുന്നില്ല. ഒടുവിൽ വിലപേശി 70 സീറ്റുകളോളം പാർട്ടി നേടിയെടുത്തു.

പ്രചരണത്തിന് രാഹുലും
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സീറ്റ് ചർച്ചകളിൽ നേരിട്ട പങ്കെടുത്തിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയാണ് കോൺഗ്രസിനായി സംസ്ഥാനത്ത് പ്രചരണം നയിച്ചത്. കേന്ദ്രസർക്കാരിനേയും മോദിയേയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ റാലികൾ.

പ്രതീക്ഷ തകർന്ന്
ഭരണവിരുദ്ധ വികാരവും ദളിത് വോട്ടുകളും തൊഴിലില്ലായ്മയും കൊവിഡ് പ്രതിസന്ധിയുമെല്ലാം തങ്ങളെ തുണയ്ക്കുമെന്ന് കോൺഗ്രസ് വിശ്വസിച്ചു. ഇത്തവണ 40 ന് മുകളിൽ സീറ്റുകൾ നേടാനാകുമെന്നും കോൺഗ്രസ് ഉറപ്പിച്ചിരുന്നു. മഹാസഖ്യത്തിന് എക്സിറ്റ് പോൾ ഫലങ്ങൾവിജയം പ്രഖ്യാപിച്ചതോടെ ആർജെഡിയുടെ തേരിലേറി സംസ്ഥാനത്ത് അധികാരത്തിലേറാമെന്നും കോൺഗ്രസ് കരുതി.

ബാധ്യതയായി കോൺഗ്രസ്
എന്നാൽ ഫലം വന്നപ്പോൾ എല്ലാ കണക്ക് കൂട്ടലും പാളി മഹാസഖ്യത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ് പാർട്ടി. ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ഇടതുപാർട്ടികൾ ബിഹാിൽ തങ്ങളുടെ ശക്തി തിരിച്ച് പിടിക്കുകയും ചെയ്തതോടെ മറുപടികളില്ലാതെ നാണം കെട്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ് നേതൃത്വത്തിന്.

സ്വയം പഴിക്കാതെ പാർട്ടി
ആർജെഡി 75 സീറ്റുകൾ നേടിയപ്പോൾ 29 സീറ്റിൽ മത്സരിച്ച ഇടത് പാർട്ടികൾ 16 ഇടത്തും ജയിച്ചു. അതേസമയം പരാജയത്തിൽ ആത്മപരിശോധനയ്ക്ക് വിധേയമാകാതെ വോട്ടിങ്ങ് യന്ത്രത്തെപഴിക്കുകയാണ് കോൺഗ്രസ്. അസസുദ്ദീൻ ഒവൈസിയുടെ എഐഎംഎം ആണ് കോൺഗ്രസ് വോട്ടുകൾഭിന്നിക്കാൻ കാരണമായതെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.

ഉപതിരഞ്ഞെടുപ്പിലും
അങ്ങനെയെങ്കിൽ അടുത്തതായി ഉയരുന്ന ചോദ്യം ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലോ എന്നാണ്. 28 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ തങ്ങളുടെ സ്വാധീന മേഖലകളിൽ പോലും കോൺഗ്രസ് തകർന്നടിഞ്ഞു. എട്ട് സീറ്റുകളിൽ പാർട്ടിയുടെ വിജയം ഒതുങ്ങി.
ഉത്തർപ്രദേശൽ നിലം തൊടാൻ പോലും കോൺഗ്രസിന് സാധിച്ചില്ല.
Recommended Video

ആത്മപരിശോധന നടത്തണം
ഗുജറാത്തിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഇനിയെങ്കിലും സംഘടനാ സംവിധാനം ശക്തിപ്പെടുത്തി ആത്മപരിശോധന നടത്തി മുൻപോട്ട് പോകാൻ കോൺഗ്രസ് തയ്യാറായില്ലേങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇതേ വിധി തന്നെയാകും കോൺഗ്രസ് നേരിടേണ്ടി വരികയെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications