നിതീഷിനും തേജസ്വിക്കും ബദലാകുമോ പ്രശാന്ത് കിഷോര്‍; ബിഹാര്‍ രാഷ്ട്രീയത്തിലേക്ക് ഒരു പാര്‍ട്ടി കൂടി
പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ജന സൂരജ് അഭിയാന്‍, ഒക്ടോബര്‍ രണ്ടിന് ഔപചാരിക രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിക്കും. ഈ പരിവര്‍ത്തനത്തിന് അടിത്തറ പാകുന്നതിന് എട്ട് സംസ്ഥാനതല യോഗങ്ങളുടെ ഒരു പരമ്പര ജന സൂരജ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചേരുന്ന ഈ യോഗങ്ങളില്‍ ബീഹാറിലുടനീളം പ്രചാരണവുമായി ബന്ധപ്പെട്ട 1.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കാനാണ് നീക്കം. ഈ യോഗങ്ങളുടെ പ്രാഥമിക അജണ്ട പുതിയ പാര്‍ട്ടി രൂപീകരണ പ്രക്രിയയ്ക്ക് അന്തിമരൂപം നല്‍കും. അതില്‍ നേതൃത്വ ഘടന സ്ഥാപിക്കുക, ഭരണഘടനയുടെ കരട് തയ്യാറാക്കുക, പാര്‍ട്ടിയുടെ മുന്‍ഗണനകള്‍ നിശ്ചയിക്കുക എന്നിവ ഉള്‍പ്പെടും എന്നാണ് അറിയാന്‍ കഴിയുന്നത്.

ഇതിനായി ജില്ലാ-ബ്ലോക്ക് തല ഭാരവാഹികളുടെ യോഗം ഇന്ന് പാട്‌നയില്‍ ചേര്‍ന്നു. പ്രശാന്ത് കിഷോര്‍ തന്നെയാണ് ജന്‍ സൂരജ് പ്രചാരണത്തിന് പിന്നിലെ ചാലകശക്തി. ബീഹാറില്‍ പരിവര്‍ത്തനാത്മകമായ മാറ്റം കൊണ്ടുവരിക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച കാമ്പയിന്‍, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്ത് താഴെത്തട്ടില്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് പാര്‍ട്ടി രൂപീകരണത്തിന് തിരഞ്ഞെടുത്തതിലൂടെ വ്യക്തമായ സന്ദേശം നല്‍കാനാണ് പ്രശാന്ത് കിഷോര്‍ ശ്രമിക്കുന്നത്. 2025 ല്‍ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവും വന്‍തോതിലുള്ള ഭരണവിരുദ്ധതയെ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് പൊതുവായ വിലയിരുത്തല്‍.
മാത്രമല്ല ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് പരമ്പരാഗത മുസ്ലീം-യാദവ് വോട്ട് ബാങ്കിന് അപ്പുറത്തേക്ക് പോകാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് തങ്ങള്‍ക്ക് ഇടം കണ്ടെത്താനാകും എന്നാണ് പ്രശാന്ത് കിഷോറും കൂട്ടരും കണക്കാക്കുന്നത്. ഈ മാസം ആദ്യം ജാന്‍ സൂരജ് കാമ്പെയ്നുമായി സഹകരിക്കുന്നതിനെതിരെ തങ്ങളുടെ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെ ബീഹാറിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആര്‍ജെഡി, ജാന്‍ സൂരജ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമെന്ന പ്രഖ്യാപനത്തില്‍ പരിഭ്രാന്തരായിരിക്കുകയാണ് എന്ന് പരിഹസിച്ച് കൊണ്ട് ജാന്‍ സൂരജ് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications