ഇങ്ങനെയാണ് പ്രാദേശിക പാര്‍ട്ടികള്‍ അപ്രത്യക്ഷമാകുക; വിഐപി നേതാവിനെ ക്ഷണിച്ച് കോണ്‍ഗ്രസ്
പട്‌ന: ബിഹാറില്‍ ഒരു പ്രാദേശിക പാര്‍ട്ടി പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികളെ ബിജെപി എങ്ങനെ ഇല്ലാതാക്കും എന്നതിന് ഉദാഹരണമാണിതെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും പറയുന്നു. ബിജെപി സഖ്യത്തിനൊപ്പം നിന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യെ കഴിഞ്ഞ ദിവസം ബിഹാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയുടെ നിര്‍ദേശ പ്രകാരമാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഐപി പൂര്‍ണമായും ഇല്ലാതായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുകയാണ്...

ബിഹാറിലെ ചില മേഖലകളില്‍ ശക്തമായ വേരോട്ടമുള്ള പിന്നാക്ക വിഭാഗങ്ങളുടെ പാര്‍ട്ടിയാണ് വിഐപി. മുകേഷ് സാഹ്നി അധ്യക്ഷനായ ഈ പാര്‍ട്ടി 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിനൊപ്പമാണ് മല്‍സരിച്ചത്. ബിജെപിയും ജെഡിയുവും ആണ് സഖ്യത്തിലെ പ്രധാന കക്ഷികള്‍. എല്‍ജെപി സഖ്യത്തില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

ബിഹാറിലെ പ്രാദേശിക പാര്‍ട്ടിയാണ് രാം വിലാസ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപി. പാസ്വാന്റെ വിയോഗ ശേഷം പാര്‍ട്ടി നിര്‍ജീവമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തായി. ഇതോടെ ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികളായി സഖ്യത്തില്‍. ഇപ്പോള്‍ വിഐപിയും ഔട്ടായി.

ബിഹാറില്‍ എല്‍ജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത സാഹചര്യമാണിപ്പോള്‍. പാസ്വാന്‍ മരിച്ച ശേഷം മകന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ എല്‍ജെപി അപ്രസക്തമായി. എല്‍ജെപിയുടെ വോട്ടുകള്‍ കൂടുതലും ബിജെപിക്ക് ലഭിച്ചു എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു വര്‍ഷം ആകവെയാണ് വിഐപി എന്ന മറ്റൊരു പാര്‍ട്ടി കൂടി അപ്രസക്തമാകുന്നത്.

എന്‍ഡിഎയുടെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വിഐപിക്ക് നാല് എംഎല്‍എമാരാണുണ്ടായിരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നി മന്ത്രിയായി. ഇദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. നിയമസഭാ കൗണ്‍സില്‍ വഴിയാണ് അദ്ദേഹം സഭയിലെത്തിയതും മന്ത്രിയായതും. കഴിഞ്ഞ ദിവസം എല്ലാം മാറിമറിഞ്ഞു.
നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

വിഐപിയുടെ മൂന്ന് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ വിഐപിക്ക് പ്രാതിനിധ്യം കുറവായി. തുടര്‍ന്ന് മുകേഷ് സാഹ്നിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. മുകേഷ് സാഹ്നിയെ ഞായറാഴ്ച പുറത്താക്കുകയും ചെയ്തു. ഇതോടെ വിഐപി എന്ന പാര്‍ട്ടി ബിഹാര്‍ രാഷ്ട്രീയത്തില്‍ ഇല്ലാതാകുകയാണ്. ഈ വേളയിലാണ് കോണ്‍ഗ്രസിന്റെ ഇടപെടല്‍.

മുകേഷ് സാഹ്നിയെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന് മുമ്പില്‍ കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇനിയും സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഭക്ത ചരണ്‍ ദാസ് പറഞ്ഞു.

നേരത്തെ ജെഡിയു ആയിരുന്നു ബിഹാറിലെ എന്‍ഡിഎയില്‍ ഏറ്റവും വലിയ കക്ഷി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജെഡിയുവിനെ പിന്നിലാക്കി ബിജെപി വലിയ കക്ഷിയായി. എങ്കിലും അവര്‍ നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കി നിലനിര്‍ത്തി. കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന പ്രതിപക്ഷമായ മഹാസഖ്യത്തില്‍ ആര്‍ജെഡിയാണ് വലിയ കക്ഷി. 70 സീറ്റില്‍ മല്‍സരിച്ച് 19 സീറ്റില്‍ മാത്രം ജയിച്ച കോണ്‍ഗ്രസാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമാക്കിയത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എതിര്‍പ്പ് അവഗണിച്ച് വിഐപി ഒറ്റയ്ക്ക് മല്‍സരിച്ചിരുന്നു. ഇതാണ് മുകേഷ് സാഹ്നിക്ക് മന്ത്രിപദവി നഷ്ടമാകാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications