Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ തിരഞ്ഞെടുപ്പ്; ആർജെഡി ടിക്കറ്റുകൾ സ്വമേധയാ നൽകി ലാലു യാദവ്, പിന്നാലെ തടഞ്ഞ് തേജസ്വി

ന്യൂഡൽഹി: ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി ടിക്കറ്റുകൾ വിതരണം ചെയ്‌ത ലാലു പ്രസാദ് യാദവിന്റെ നടപടി തടഞ്ഞ് മകൻ തേജസ്വി യാദവ്. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ത്യ മുന്നണിയിൽ അന്തിമ തീരുമാനം ആകാത്തതിനെ തുടർന്നാണ് തേജസ്വി യാദവ് ഈ വിഷയത്തിൽ ഇടപെട്ടത്. ഇന്ന് രാവിലെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. ബിഹാറിൽ രാഷ്ട്രീയ ജനതാദളാണ് (ആർജെഡി) പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ അമരക്കാർ.

മുൻ മുഖ്യമന്ത്രി റാബ്രി ദേവിക്ക് അനുവദിച്ച ബംഗ്ലാവിന് പുറത്ത് തിങ്കളാഴ്‌ച വൈകുന്നേരം തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. ന്യൂഡൽഹിയിലെ കോടതിയിൽ ഹാജരായ ശേഷം ദമ്പതികൾ തിരിച്ചെത്തിയപ്പോഴായിരുന്നു ഇത്. സുനിൽ സിംഗ്, നരേന്ദ്ര കുമാർ സിംഗ് എന്നിവരുൾപ്പെടെയുള്ള സ്ഥാനാർത്ഥികളോട് സീറ്റുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

lalutejaswiyadav

പാർട്ടിയിൽ നിന്ന് ഫോൺ വിളികൾ ലഭിച്ചതോടെ നിരവധി സ്ഥാനാർത്ഥികൾ ഈ ബംഗ്ലാവിലേക്ക് എത്തിയിരുന്നു. ഏതാനും നിമിഷങ്ങൾക്കകം പാർട്ടി ചിഹ്നവും കൈയിലേന്തി വലിയ ചിരിയോടെയാണ് അവർ പുറത്തേക്ക് വന്നത്. എന്നാൽ മാതാപിതാക്കൾ ഡൽഹിയിൽ നിന്ന് തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷം എത്തിയ തേജസ്വി യാദവ് ആവട്ടെ ഈ സംഭവത്തിൽ ഒട്ടും തൃപ്‌തനായിരുന്നില്ല.

ആർജെഡി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, സഖ്യകക്ഷികളുമായി ധാരണയിലെത്തും മുമ്പ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നത് നല്ല സന്ദേശം നൽകില്ലെന്ന് തേജസ്വി യാദവ് തന്നെ പിതാവിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന്, പാർട്ടി ചിഹ്നങ്ങളുടെ വിതരണം നിർത്തിവെക്കുകയും അർധരാത്രിക്ക് ശേഷം പാർട്ടി ടിക്കറ്റുകൾ ലഭിച്ചവരോട് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

നാളെ രാഘോപൂരിൽ നിന്ന് തേജസ്വി യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു വിട്ട സുനിൽ സിംഗ് (പർബട്ട), മതിഹാനിയിൽ നിന്ന് നിരവധി തവണ എംഎൽഎ ആയ നരേന്ദ്ര കുമാർ സിംഗ് എന്ന ബോഗോ എന്നിവർ ആർജെഡി ചിഹ്നം ലഭിച്ചവരിൽ പ്രമുഖരാണ്.

ഭായ് വീരേന്ദ്ര, ചന്ദ്രശേഖർ യാദവ് (മാധേപുര), ഇസ്രായേൽ മൻസൂരി (കാന്തി) തുടങ്ങിയ സിറ്റിംഗ് ആർജെഡി എംഎൽഎമാരും പാർട്ടി ചിഹ്നം വീശി ലാലു പ്രസാദിന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെയാണ് ഇത് ഓർമ്മപ്പെടുത്തിയത്. അന്നും സഖ്യകക്ഷികളുടെ അനുമതി കാത്തുനിൽക്കാതെ ആർജെഡി അധ്യക്ഷൻ പാർട്ടി ടിക്കറ്റുകൾ വിതരണം ചെയ്‌തിരുന്നു.

കോൺഗ്രസിനെ കൂടാതെ, ആർജെഡി സഖ്യത്തിൽ മൂന്ന് ഇടതു പാർട്ടികളും മുൻ സംസ്ഥാന മന്ത്രി മുകേഷ് സാഹ്നിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയും ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎമ്മുമായും മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസിന്റെ ആർഎൽജെപിയുമായും ഒരു സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

ഇതിൽ എല്ലാം അന്തിമ ധാരണയിൽ എത്തുന്നതിന് മുൻപാണ് ലാലുവിന്റെ തിരക്കിട്ടുള്ള നീക്കം. ഇതാണ് തേജസ്വി ഇടപെട്ട് തടഞ്ഞിരിക്കുന്നത്. എൻഡിഎ മുന്നണിയെ ഒറ്റയ്ക്ക് വീഴ്ത്താൻ കഴിയില്ലെന്ന് കൃത്യമായ ധാരണയുള്ള തേജസ്വി സഖ്യം ശക്തമായി നിലനിർത്താനാണ് ബിഹാറിൽ ശ്രമിക്കുന്നത്. എങ്കിലും അത്തരം ശ്രമങ്ങൾക്ക് വിലങ്ങുതടിയാവുന്ന നീക്കമാണ് ലാലുവിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നതാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+