ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മൂന്ന് സീറ്റുകളിൽ ലീഡുമായി പ്രശാന്ത് കിഷോറിന്റെ ജെഎസ്‌പി
പാറ്റ്ന: പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി (ജെഎസ്‌പി) ബീഹാറിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിറ്റ നിൽക്കുന്നുവെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ട്രെൻഡുകൾ. നിർണായക തിരഞ്ഞെടുപ്പിൽ പുതിയ കക്ഷിയായ ജെഎസ്‌പി സമ്പൂർണമായി പരാജയപ്പെടുമെന്ന് പ്രവചിച്ച മിക്ക എക്‌സിറ്റ് പോളുകളുടെയും ഫലത്തെ മാറ്റി മറിക്കുന്നതാണ് ആദ്യ പ്രവണതകൾ. എങ്കിലും കാര്യമായ കുതിപ്പ് പ്രകടമല്ല എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.
ചൻപതിയയിൽ നിന്നുള്ള ത്രിപുരാരി കുമാർ തിവാരി ഏലിയാസ് മനീഷ് കശ്യപ്, ചെയിൻപൂരിൽ നിന്നുള്ള ഹേമന്ത് കുമാർ ചൗബെ, കർഗഹാറിൽ നിന്നുള്ള റിതേഷ് രഞ്ജൻ എന്നിങ്ങനെയുള്ള മൂന്ന് സ്ഥാനാർത്ഥികളാണ് പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് വേണ്ടി മത്സരിച്ചവരിൽ നിലവിൽ ലീഡ് ചെയ്യുന്നത്. ആദ്യ മണിക്കൂറുകളിൽ ഒരു സീറ്റിലും മുന്നിട്ട് നിൽക്കാതിരുന്ന ജെഎസ്‌പി വോട്ടെണ്ണൽ പുരോഗമിക്കവെയാണ് പതിയെ ട്രാക്കിലേക്ക് വന്നത്.

തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ദയനീയ പ്രകടനം കാഴ്‌ചവയ്ക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും ഒരുപോലെ പ്രവചിച്ചു. ഒരു സർവേയിലും പാർട്ടിക്ക് പരമാവധി അഞ്ച് സീറ്റുകളിൽ അപ്പുറം ലഭിക്കില്ലെന്നാണ് പ്രവചിച്ചത്. കിഷോർ തന്നെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പാർട്ടിയുടെ വോട്ട് വിഹിതം എൻഡിഎയുടെയോ മഹാസഖ്യത്തിന്റെയോ വോട്ടുകളിൽ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
പീപ്പിൾസ് പൾസ് ജൻ സുരാജ് പാർട്ടിക്ക് 0-5 സീറ്റുകളാണ് പ്രവചിച്ചത്. പീപ്പിൾസ് ഇൻസൈറ്റ് 0-2 സീറ്റുകൾ പ്രവചിച്ചു. മാട്രിസ് ജെഎസ്‌പി പാർട്ടിക്ക് 0-2 സീറ്റുകൾ പ്രവചിച്ചു, ജെവിസി അവർക്ക് പരമാവധി ഒരു സീറ്റും ദൈനിക് ഭാസ്‌കറിന് പരമാവധി മൂന്ന് സീറ്റുകളുമാണ് പ്രവചിച്ചത്. എന്തായാലും ഇതിൽ തന്നെ ഫലം വന്നു നിന്നേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ആദ്യ സമയത്തെ മോശം പ്രകടനത്തിൽ നിന്ന് ചെറിയൊരു ആശ്വാസം മാത്രം.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും മത്സരിച്ച ജാൻ സുരാജ്, രണ്ട് പ്രബല മുന്നണികളുടെ ആധിപത്യമുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു മൂന്നാം ബദലായി സ്വയം ചിത്രീകരിച്ചുവെങ്കിലും ആ പ്രചാരണം ഏശിയില്ലെന്ന് തന്നെയാണ് ആദ്യഫലങ്ങൾ നൽകുന്ന സൂചന. അന്തിമ ഫലത്തിലാണ് ഇനി എല്ലാവരും കണ്ണും നട്ടിരിക്കുന്നത്. പാർട്ടിയുടെ വോട്ട് വിഹിതം ഉൾപ്പെടെ കണക്കിലെടുത്താവും ഇനിയുള്ള അവരുടെ ഭാവി.
പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന അദ്ദേഹം രാഷ്ട്രീയക്കാരനായി മാറിയപ്പോൾ ജൻ സുരാജിന് 10 സീറ്റിൽ താഴെയോ 155ൽ കൂടുതൽ സീറ്റുകളോ പ്രവചിച്ചിരുന്നു. അതിൽ ആദ്യത്തേത് കൂടുതൽ ശരിയാവുമെന്നാണ് ഇപ്പോഴത്തെ സീറ്റ് നില സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ എൻഡിഎ 136 സീറ്റുകളുമായി കേവല ഭൂരിപക്ഷം മറികടന്നപ്പോൾ മഹാസഖ്യം 68 സീറ്റുകളിൽ മുന്നിലാണ്. അവിടെയാണ് ജെഎസ്‌പി മൂന്ന് സീറ്റുകൾ മാത്രം മുന്നിട്ട് നിൽക്കുന്നത്.












Click it and Unblock the Notifications