ബിഹാറിന്റെ യുവമുഖ്യമന്ത്രിയാകുമോ തേജസ്വി യാദവ്? എക്സിറ്റ് പോൾ പ്രവചനങ്ങളിലെ മുന്നേറ്റം.. കണക്കുകളും
പട്ന; രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കി. 8.30 യോടെ ആദ്യ ചിത്രം പുറത്തുവരും. ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തേജസ്വി യാദവിന്റെ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിക്കുമ്പോൾ തേജസ്വി യാദവ് ബിഹാറിന്റെ മുഖ്യമന്ത്രിയാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിനോടകം തന്നെ തേജസ്വിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള ഫ്ലക്സുകളും സംസ്ഥാനത്ത് ഉയർന്നിട്ടുണ്ട്.

130 വരെ സീറ്റുകളാണ് മഹാസഖ്യത്തിന് സർവ്വേകൾ പ്രവചിച്ചത്. മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എബിപി സർവ്വേ പ്രവചനം. എന്‍ഡിഎയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.അതേസമയം ടൈംസ്നൗ-സീ വോട്ടർ ഫലങ്ങൾ മഹാസഖ്യത്തിന് 120 സീറ്റുകളാണ് പ്രവചിച്ചത്. റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റ് നേടുമെന്നും എൻഡിഎ 91-117 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം.അതേസമയം ഇന്ത്യാ ടി.വി എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടിവി പ്രവചിക്കുന്നു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ ഫലിച്ചാൽ ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരിക്കും 31 കാരനായ തേജസ്വി.നവംബർ 9 നായിരുന്നു തേജസ്വിയുടെ 31ാം പിറന്നാൾ. അദ്ദേഹത്തിനുള്ള പിറന്നാൾ സമ്മാനമാകും മുഖ്യമന്ത്രി കസേരയെന്നാണ് പാർട്ടി നേതാക്കൾ പറയുന്നു. 1989 നവംബർ ഒമ്പതിന് ജനിച്ച തേജസ്വി യാദവായിരുന്നു രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയും.
നിലവിൽ 1985ൽ ജനിച്ച അസം ഗണപരിഷത്ത് നേതാവ് പ്രഫുല്ല കുമാർ മൊഹന്തോയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.33-ാം വയസിലാണ് പ്രഫുല്ല കുമാർ മുഖ്യമന്ത്രിയായത്. ഈ റെക്കോർഡ് തേജസ്വി തകർക്കുമോയെന്നാണ് ചോദ്യം. അത് യാഥാർഥ്യമാകുമോയെന്ന് അറിയാൻ ഇനി വെറും മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ഉള്ളത്.












Click it and Unblock the Notifications