ബിഹാറിൽ കൈപ്പത്തിയെ കൈവിട്ട് ജനങ്ങൾ; കോൺഗ്രസിന്റെ പതനത്തിൽ ചോദ്യമുന കനയ്യക്ക് നേരെയോ?
പാറ്റ്ന: എൻഡിഎയെ മലർത്തിയടിച്ച് ഇക്കുറി അധികാരം പിടിക്കാമെന്ന് സ്വപ്‌നം കണ്ടിരുന്ന മഹാസഖ്യത്തിന്റെ കാലിടറുന്ന കാഴ്‌ചയാണ് ബിഹാറിൽ കാണാനുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ജെഡിയു-ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ അപ്രമാദിത്വം പ്രകടമായിരുന്നെങ്കിലും സമയം പിന്നിടുന്തോറും അത് കൂടുതൽ പ്രകടമായിരുന്നു. കഴിഞ്ഞ തവണത്തേതിലും മികച്ച പ്രകടനമാണ് ജെഡിയു ഉൾപ്പെടെ നടത്തുന്നത്.
മറുവശത്ത് മഹാസഖ്യം പാടെ തകർന്നുവീഴുന്ന കാഴ്‌ചയും നാം കണ്ടു. ആദ്യഘട്ടം മുതൽ പോരാട്ടത്തിന് പോലും മുതിരാതെ മഹാസഖ്യം എൻഡിഎയ്ക്ക് മുന്നിൽ വീണപ്പോൾ അതിൽ പ്രധാനികളായി പിന്നിലേക്ക് പാലം വലിച്ചത് കോൺഗ്രസ് ആയിരുന്നു. കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന്റെ ഭാരം ചുമലിലേറ്റിയാണ് മഹാസഖ്യം വീണത്.

ഇപ്പോഴിതാ വലിയ ചോദ്യമുന തന്നെയാണ് യുവനേതാവ് കനയ്യ കുമാറിനെതിരെ നീളുന്നത്. ഇത്തവണ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 40 താരപ്രചാരകരുടെ പട്ടികയിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഉൾപ്പെട്ടിരുന്നു. അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിലും, പാർട്ടിക്കുവേണ്ടി സജീവമായി പ്രചാരണം നടത്തി. എന്നാൽ 2020-ലേതിനെക്കാൾ മോശം പ്രകടനമാണ് പാർട്ടി ഇത്തവണ കാഴ്‌ച വയ്ക്കുന്നതെന്ന് ഉറപ്പായതോടെ കനയ്യയും വിചാരണയ്ക്ക് വിധേയനാവും.
സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനെക്കുറിച്ച് കനയ്യ കുമാർ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ (രണ്ടുതവണയും പരാജയപ്പെട്ടു) താൻ ഇതിനകം മത്സരിച്ചെന്നും, അതുകൊണ്ട് പ്രാദേശിക നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
മുൻ വിദ്യാർത്ഥി നേതാവായ കനയ്യ, സിപിഐയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചത്. അന്ന് അദ്ദേഹം വാക്‌ചാതുര്യത്തോടെ ആളുകളെ കൈയിലെടുത്തിരുന്ന തീപ്പൊരി നേതാവായിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നാടായ ബിഹാറിലെ ബെഗുസരായിയിൽ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും ബിജെപി നേതാവ് ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടു.
പിന്നീട് കനയ്യ കോൺഗ്രസിൽ ചേർന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ ദില്ലിയിൽ നിന്ന് അദ്ദേഹം ജനവിധി തേടി. ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) ഗവേഷണം നടത്തുന്ന സമയത്താണ് കനയ്യ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്ന അദ്ദേഹം, 2016-ലെ വിദ്യാർത്ഥി പ്രതിഷേധങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടുകയായിരുന്നു.
ബിഹാറിൽ കോൺഗ്രസിനായി പ്രചാരണം നടത്തിയ കനയ്യക്ക് ബെഗുസരായി മേഖലയിൽ കാര്യമായ സ്വാധീനമുണ്ട്. ബിഹാറിലെ ലെനിൻഗ്രാഡ് എന്ന് മുൻപ് ഈ പ്രദേശം അറിയപ്പെട്ടിരുന്നു. ബെഗുസരായി സീറ്റിൽ സിറ്റിംഗ് എംഎൽഎ കുന്ദൻ സിംഗ്, മുൻ കോൺഗ്രസ് എംഎൽഎ അമിതാ ഭൂഷണുമായി മത്സരിക്കുന്നുണ്ട്. ഇവിടെ നിലവിൽ വിവരം ലഭിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു എന്നത് മാത്രമാണ് കനയ്യയെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം.
കനയ്യയുടെ പ്രചാരണം ഏശിയില്ലേ?
ഇത്തവണ ബിഹാറിൽ ഒരു മാറ്റം നമുക്ക് കാണാൻ കഴിയും... വോട്ട് മോഷണം ഒരു വലിയ പ്രശ്‌നമാണ്. വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടില്ലെങ്കിൽ, സർക്കാർ മാറും, വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടാൽ, അതേ സർക്കാർ തന്നെ തുടരും. ബ്രസീലിയൻ മോഡലിന്റെ ഐഡന്റിറ്റിയോടെ 22 വോട്ടുകൾ എങ്ങനെ തയ്യാറാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകണം; എന്നായിരുന്നു കനയ്യ തിരഞ്ഞെടുപ്പ് വേളയിൽ ആവർത്തിച്ചു പറഞ്ഞത്.
എന്നാൽ വോട്ട് ചോരി ആരോപണത്തിനും കനയ്യയുടെ ചോദ്യങ്ങൾക്കും ബിഹാർ ജനത കാര്യമായി പ്രാധാന്യം നൽകിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മുൻപ് കാര്യമായ ആസ്വാദകർ ഉണ്ടായിരുന്ന കനയ്യയുടെ പ്രസംഗങ്ങൾക്ക് ഇപ്പോൾ പഴയ ഗാംഭീര്യം പോരെന്ന വിമർശനവും ശക്തമാണ്. എന്തായാലും കേവലം 6 സീറ്റുകളിലേക്ക് മാത്രം ഒതുങ്ങുന്നതാണ് കോൺഗ്രസിന്റെ അന്തിമ വിധിയെങ്കിൽ അത് കനയ്യക്കും തിരിച്ചടിയാവും എന്നുറപ്പാണ്.












Click it and Unblock the Notifications