ജെഡിയു ഇനി വല്യേട്ടനല്ല; ബിഹാര്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജിച്ചു, ബിജെപി മല്‍സരിക്കുന്നത്...
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജെഡിയുവിന്റെ വല്യേട്ടന്‍ സ്ഥാനം നഷ്ടമായി. ജെഡിയുവും ബിജെപിയും തുല്യമായ സീറ്റുകളില്‍ മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ബിഹാറിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൂടിയാണ് ഇദ്ദേഹം.
243 അംഗ നിയമസഭയാണ് ബിഹാറിലേത്. ബിജെപിയും ജെഡിയുവും 101 സീറ്റ് വീതം പങ്കിട്ടു. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 29 സീറ്റില്‍ മല്‍സരിക്കും. രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നീ പാര്‍ട്ടികള്‍ക്ക് ആറു സീറ്റുകള്‍ വീതം നല്‍കി. ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ ധര്‍മേന്ദ്ര പ്രധാനെ നിയോഗിച്ചതിന് പിന്നിലും ബിജെപിക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ബിജെപി നിയോഗിച്ചത് ധര്‍മേന്ദ്ര പ്രധാനെ ആയിരുന്നു. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിട്ടും ഹരിയാനയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയത് ഏവരെയും ഞെട്ടിച്ചു. കര്‍ഷകര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമായിട്ടുപോലും ബിജെപിക്ക് ഭരണം കിട്ടിയത് ധര്‍മേന്ദ്ര പ്രധാന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഫലമാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ബിജെപിയും ജെഡിയുവും തുല്യമായി സീറ്റ് പങ്കിടാന്‍ നേരത്തെ ധാരണയായിരുന്നു. ചെറിയ മൂന്ന് കക്ഷികളുടെ നിലപാടാണ് സീറ്റ് വിഭജനം കീറാമുട്ടിയാക്കിയത്. മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
15 സീറ്റുകള്‍ വേണം എന്നാണ് മാഞ്ചി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നിലപാട് മയപ്പെടുത്തി. ആറ് സീറ്റില്‍ മല്‍സരിക്കാന്‍ ഒടുവില്‍ സമ്മതിച്ചു. ഭാവിയില്‍ ഒരു എംഎല്‍സി സീറ്റ് കൂടി നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെയാണ് മാഞ്ചി അയഞ്ഞതത്രെ. എങ്കിലും അദ്ദേഹത്തിന് അതൃപ്തിയുണ്ട് എന്നാണ് വിവരം. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ ഉടനെ അദ്ദേഹം പട്‌നയില്‍ നിന്ന് പോയി.
അതേസമയം, ബിജെപി ക്രമേണ ബിഹാറില്‍ സാന്നിധ്യം ശക്തമാക്കിയതോടെ നിതീഷ് കുമാറിന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു എന്നാണ് വിവരം. നേരത്തെ ജെഡിയു ആണ് കൂടുതല്‍ സീറ്റുകളില്‍ മല്‍സരിച്ചിരുന്നത്. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റില്‍ ജെഡിയു ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2020ല്‍ ചിത്രം മാറി. ബിജെപി മുന്നേറി. എങ്കിലും നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ ബിജെപി അനുവദിച്ചു.
അതേസമയം, ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്ന് ആര്‍ജെഡി എംഎല്‍എ ബായ് വീരേന്ദ്ര പറഞ്ഞു. നവംബര്‍ ആറ്, 11 തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളായിട്ടാണ് ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. നവംബര്‍ 14ന് വോട്ടെണ്ണും.












Click it and Unblock the Notifications