'20 കോടി തരിക, അല്ലെങ്കില്‍ നിങ്ങളെ കൊന്നുകളയും'; മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി
മുംബൈ: ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് മുകേഷ് അംബാനിക്ക് വധഭീഷണി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മുകേഷ് അംബാനിയുടെ കമ്പനിയുടെ ഐ ഡിയിലേക്കാണ് അജ്ഞാതന്റെ വധഭീഷണി ലഭിച്ചത്. മുകേഷ് അംബാനി 20 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കൊന്ന് കളയും എന്നുമാണ് ഭീഷണി.
'നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്' എന്നായിരുന്നു ഇ-മെയില്‍. മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയുടെ മുംബൈയിലെ ഗാംദേവി പൊലീസ് അജ്ഞാതനായ വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐപിസി സെക്ഷന്‍ 387 (ഒരു വ്യക്തിയെ മരണഭീതിയിലാക്കുകയോ കൊള്ളയടിക്കുന്നതിന് ഗുരുതരമായ പരിക്കേല്‍പ്പിക്കുകയോ ചെയ്യുക), 506 (2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല മുകേഷ് അംബാനിക്ക് വധഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണി ഉയര്‍ത്തിയതിന് ബിഹാറിലെ ദര്‍ബംഗയില്‍ നിന്നുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു.
രാകേഷ് കുമാര്‍ മിശ്ര എന്നയാളാണ് അന്ന് അറസ്റ്റിലായത്. 2021 ല്‍ മുകേഷ് അംബാനിയുടെ തെക്കന്‍ മുംബൈയിലെ വസതിയായ ആന്റിലിയയില്‍ നിന്ന് സ്ഫോടക ശേഷിയുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയിരുന്നു. ഇത് ഒരു ട്രെയിലര്‍ മാത്രമാണ് എന്നായിരുന്നു കത്തില്‍ എഴുതിയിരുന്നത്.












Click it and Unblock the Notifications