മഹാരാഷ്ട്രയില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി: മുന്‍ കേന്ദ്ര മന്ത്രി പാർട്ടി വിട്ടു
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് വീണ്ടും കനത്ത തിരിച്ചടി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്ത പാട്ടീൽ പാർട്ടി വിട്ടതാണ് ബി ജെ പിക്ക് ക്ഷീണമായത്. ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ സി പി നേതാവായിരുന്ന സൂര്യകാന്ത പാട്ടീൽ 2014ലാണ് ബി ജെ പിയില്‍ ചേരുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറാത്ത്‌വാഡയിലെ ഹിംഗോലി മണ്ഡലത്തിൽ നിന്ന് അവർ ബി ജെ പി ടിക്കറ്റില്‍ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ടിക്കറ്റ് നിഷേധിച്ചതിൽ പാട്ടീൽ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സീറ്റ് വിഭജന പ്രകാരം ഹിംഗോളി സീറ്റ് ഏകനാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് നല്‍കാനായിരുന്നു ബി ജെ പി തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി സൂര്യകാന്ത പാട്ടീലിന് ഹഡ്ഗാവ് ഹിമായത്നഗർ നിയമസഭാ മണ്ഡലത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചുമതല നൽകുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തമായ മത്സരത്തിന് ഒടുവില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സീറ്റ് പിടിക്കുകയും ചെയ്തു.
സൂര്യകാന്ത പാട്ടീൽ നാല് തവണ എം പിയായും ഒരു തവണ എം എൽ എയായും ഹിംഗോളി-നന്ദേഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. യു പി എ സർക്കാരിൻ്റെ കാലത്ത് ഗ്രാമവികസന, പാർലമെൻ്ററി കാര്യ സഹമന്ത്രിയുമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിൽ മികച്ച പ്രകടനം നടത്തുന്ന പാർട്ടിയായി വീണ്ടും ഉയർന്നുവന്ന ശരദ് പവാറിൻ്റെ എൻ സി പിയിലേക്ക് തന്നെ സൂര്യകാന്ത പാട്ടീൽ മടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്.
ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം പാർലമെന്റ് തിരഞ്ഞെടുപ്ില്പ മത്സരിച്ച 10ൽ 8 സീറ്റും നേടിയപ്പോൾ അജിത് പവാറിൻ്റെ എൻ സി പിക്ക് നാലിൽ 1 സീറ്റ് മാത്രമാണ് നേടാനായത്. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി എൻ സി പി എംഎൽഎമാർ ശരദ് പവാറിൻ്റെ പാർട്ടിയുമായി സമ്പർക്കം പുലർത്തുന്നതായും ഊഹാപോഹങ്ങളുണ്ട്.
ലോക്‌സഭാ പരാജയത്തിലും സുനേത്ര പവാറിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ അജിത് കുമാർ വിഭാഗത്തില്‍ വലിയൊരു വിഭാഗം എം എല്‍ എമാർ അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട് . എൻ സി പി-എസ് പി നേതാവ് രോഹിത് പവാർ അടുത്തിടെ 18-19 എൻ സി പി എം എൽ എമാർ തൻ്റെ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയമസഭയിലെ മൺസൂൺ സമ്മേളനത്തിന് ശേഷം ഇവർ പാർട്ടി മാറിയേക്കാമെന്നും അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications