'ബിജെപി അദാനിയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്ന തിരക്കിൽ'; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ ബി ജെ പിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പാവങ്ങളുടെ അക്കൗണ്ടിലേക്ക് പണം നൽകുമ്പോൾ ബി ജെ പി അദാനിയുടെ പോക്കറ്റിൽ പണം നിറയ്ക്കുന്ന തിരക്കിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് രാജ്യത്താകമാനം ആളുകള്‍ മരിച്ചു വീഴുമ്പോള്‍ പാത്രം കൊട്ടാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.
'രാജ്യത്ത് നിന്ന് കള്ളപ്പണം ഇല്ലാതാക്കിയില്ലെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. കൊവിഡ് കാലത്ത് രാജ്യത്ത് ജനങ്ങൾ ഓക്സിജനും മരുന്നും കിട്ടാതെ മരിച്ച് വീഴുമ്പോൾ മൊബൈൽ ടോർച്ച് തെളിയിക്കാനും പാത്രം കൊട്ടാനുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. എന്നാൽ ഇവിടെ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു. മരുന്ന് വിതരണം ചെയ്തു. ജനങ്ങളുടെ ജീവൻ രക്ഷിച്ചു', രാഹുൽ ഗാന്ധി പറഞ്ഞു.

'ഞങ്ങളുടേത് പാവപ്പെട്ട മനുഷ്യരെ, സാധാരണക്കാരായ കര്‍ഷകരെ, തൊഴിലാളികളെ ചേര്‍ത്ത് പിടിക്കുന്ന സർക്കാരാണ്. പാവങ്ങളുടെ അക്കൗണ്ടിലേക്ക് പണം നൽകുകയെന്നതാണ് കോൺഗ്രസ് സർക്കാരിന്റെ ജോലി. ബി ജെ പി അദാനിയുടെ പോക്കറ്റിലേക്ക് പണം ഒഴുക്കുകയാണ്. നരേന്ദ്ര മോദി ജി എസ് ടി നടപ്പാക്കി. രാജ്യത്ത് ആദ്യമായി പാവങ്ങളായ കർഷകർക്ക് നികുതി അടക്കേണ്ടി വന്നു. നോട്ട് പിൻവലിച്ച് ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കി', രാഹുൽ വിമർശിച്ചു.
'എവിടെ നോക്കിയാലും അദാനിയുടെ ബിസിനസ് ആണ്. എയർപോർട്ടുകൾ, തുറമുഖങ്ങൾ, സിമൻറ് പ്ലാന്റുകൾ, റോഡുകൾ എല്ലാം അദാനിയുടേതാണ്.അവർ സമ്പന്നർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അദാനി പണം സമ്പാദിച്ച് വിദേശ കമ്പനികൾ ആരംഭിക്കുന്നു. ആ പണം വിദേശത്ത് ചെലവാക്കുന്നു.
രാജസ്ഥാനിൽ നിങ്ങൾ ബി ജെ പി സർക്കാരിനെ അധികാരത്തിലേറ്റിയാൽ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ എല്ലാ ജനക്ഷേമ പദ്ധതികളും അവർ റദ്ദാക്കും. പകരം കോടീശ്വരൻമാരെ സഹായിക്കാനുള്ള പദ്ധതികൾ അവർ കൊണ്ടുവരും', രാഹുൽ ഗാന്ധി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി രാജസ്ഥാനിൽ എത്തുന്നത്. അടുത്ത നാല് ദിവസം അദ്ദേഹം സംസ്ഥാനത്ത് റാലികളിൽ പങ്കെടുക്കും. 200 അംഗ നിയമസഭയുള്ള രാജസ്ഥാനിൽ നവംബർ 23 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications