ഇറാഖില്‍ തട്ടിക്കൊണ്ടുപോയവര്‍ മരിച്ചെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു! സുഷമയുടേത് കുറ്റസമ്മതം?
ഭീകരര്‍ തടവിലാക്കിയവരുടെ ബന്ധുക്കള്‍ക്ക് പ്രതീക്ഷയേകുന്ന വിവരങ്ങളായിരുന്നു സര്‍ക്കാര്‍ ഇതുവരെ നല്‍കികൊണ്ടിരുന്നത്
ദില്ലി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദമുണ്ടാക്കിയിരിക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലായിരുന്നു തങ്ങളെന്ന് ഇന്ത്യ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സുഷമയുടെ വാദത്തോടെ ഇതെല്ലാം പൊളിഞ്ഞിരിക്കുകയാണ്. തടവിലാക്കിയവരെല്ലാം കൊല്ലപ്പെട്ടെന്ന് നേരത്തെ തന്നെ സര്‍ക്കാരിന് അറിയാമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവര്‍ നല്‍കിയ വിവരം സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇത് സര്‍ക്കാരിന് തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.

പ്രതീക്ഷാ സന്ദേശം
ഭീകരര്‍ തടവിലാക്കിയവരുടെ ബന്ധുക്കള്‍ക്ക് പ്രതീക്ഷയേകുന്ന വിവരങ്ങളായിരുന്നു സര്‍ക്കാര്‍ ഇതുവരെ നല്‍കികൊണ്ടിരുന്നത്. ഇവര്‍ ഇറാഖിലെ ബാദുഷ ജയിലില്‍ ഉണ്ടെന്നായിരുന്നു സുഷമ പറഞ്ഞിരുന്നത്. വിദേശകാര്യ സഹമന്ത്രി വികെ സിങ്ങിന്റെ ഇറാഖ് സന്ദര്‍ശനത്തിന് ശേഷമാണ് സുഷമ ഇവരുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചത്. ഇറാഖിലെ മൊസൂള്‍ നഗരം ഐസിസില്‍ നിന്ന് മോചിപ്പിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു വികെ സിങ്ങിന്റെ ഇറാഖ് സന്ദര്‍ശനം. 2014ല്‍ ആയിരുന്നു ഈ 39 ഇന്ത്യക്കാരെയും കാണാതായത്. നേരത്തെ ഈ 39 പേരും ജീവനോടെ ഉണ്ടെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഇന്ത്യയിലെ ഇറാഖ് അംബാസിഡര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ ജീവനോടെ ഉണ്ടെന്നതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വിദേശകാര്യമന്ത്രാലയം. ഇപ്പോള്‍ അവര്‍ തന്നെ വാക്കുമാറ്റിയതാണ് വലിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്.

അറിഞ്ഞിട്ടും പറഞ്ഞില്ല
ഐസിസില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ ബന്ദികളെ ഭീകരര്‍ കൊലപ്പെടുത്തിയെന്ന് സര്‍ക്കാരിന് വിവരം നല്‍കിയിരുന്നു. എന്നാല്‍ ഇത് നിരസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് മുമ്പേ അറിഞ്ഞിട്ടും വെറുതെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രത്യാശ നല്‍കിയത് എന്തിനാണെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തെ മൊസൂളില്‍ ഒരു ആശുപത്രി നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു ഇന്ത്യക്കാരെ സുരക്ഷിതമായി ഫാമിലേക്ക് മാറ്റിയെന്നും അവിടെ നിന്ന് ബാദുഷ ജയിലിലേക്ക് മാറ്റിയെന്നുമായിരുന്നു വികെ സിങ് പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് തന്നെയാണ് ഐസിസ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് സൂചന. ഇവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പല തവണ നിവേദനം നല്‍കിയിട്ടും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. ഇതിനെ നേരത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

തെറ്റായ സന്ദേശം
സര്‍ക്കാര്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കഠിന പ്രയത്‌നിലാണെന്ന് പറഞ്ഞ് ഇവരുടെ ബന്ധുക്കളെ വഞ്ചിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. എന്തിനാണ് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നര വര്‍ഷത്തോളം സര്‍ക്കാര്‍ പല രഹസ്യങ്ങളും മൂടിവെക്കുകയായിരുന്നു. അവര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും മിണ്ടിയില്ല. ഇത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ 2017 ജൂലൈയില്‍ ഈ 39 ഇന്ത്യക്കാര്‍ മരിച്ചെന്ന് പ്രഖ്യാപിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സുഷമ പറഞ്ഞിരുന്നു. തെളിവില്ലാതെ ഇവര്‍ മരിച്ചെന്ന് പറയുന്നത് വലിയ തെറ്റാണെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതേ പ്രസ്താവന തിരുത്തിയതോടെ സുഷമ ശരിക്കും കുരുക്കിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസമാണ് കിട്ടിയതെന്നും സുഷമ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications