കോൺഗ്രസ് നീക്കത്തെ വെല്ലാൻ ഇനി ഒരേയൊരു തന്ത്രം; ലിംഗായത്ത് വോട്ട് പിടിക്കാൻ നിർണായക തീരുമാനവുമായി ബിജെപി
ബെംഗളൂരു: മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന ലിംഗായത്ത് നേതാവ് ബിഎസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ ബിജെപിയുമായി അകൽച്ചയിലായിരുന്നു സംസ്ഥാനത്തെ പ്രബല സമുദായം കൂടിയ ലിംഗായത്ത് വിഭാഗം. ഇതിനിടയിലാണ് തിരിച്ചടിയുടെ ആക്കം കൂട്ടി ബിജെപിയിലെ ലിംഗായത്ത് നേതാക്കൾ കൂട്ടത്തോടെ (ജഗദീഷ് ഷെട്ടാർ, ലക്ഷമൺ സവാദി ഉൾപ്പെടെയുള്ളവർ) കോൺഗ്രസിലേക്ക് ഒഴുകിയത്. ഇതോടെ ബിജെപി ലിംഗായത്ത് വിരുദ്ധ പാർട്ടിയാണെന്ന പ്രചരണം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനത്ത് കോൺഗ്രസ്.
ഈ സാഹചര്യത്തിൽ ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്താനുള്ള തന്ത്രം മെനയുകയാണ് ബി ജെ പി. കഴിഞ്ഞ ദിവസം യെദ്യൂരപ്പയുടെ വീട്ടിൽ വെച്ച് ചേർന്ന പാർട്ടി യോഗത്തിൽ കോൺഗ്രസ് നീക്കത്തെ വെല്ലാൻ സുപ്രധാന തീരുമാനം നേതൃത്വം കൈക്കൊണ്ട് കഴിഞ്ഞു.

പരമ്പരാഗതമായി ബി ജെ പിക്ക് വോട്ട് ചെയ്യുന്നവരാണ് സംസ്ഥാനത്തെ പ്രധാന വിഭാഗമായ ലിംഗായത്ത് സമുദായം. കർണാടകയുടെ ആകെ ജനസംഖ്യയുടെ 17 ശതമാനമാണ് ലിംഗായത്ത് വിഭാഗം. യെദിയൂരപ്പയെ മാറ്റി നിർത്തിയ നടപടിയും ലിംഗായത്ത് നേതാക്കളുടെ പാർട്ടിയിലെ പടിയിറക്കുവമെല്ലാം ബിജെപിയോടുള്ള സമുദായത്തിന്റെ അതൃപ്തി രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലിംഗായത്ത് വോട്ടുകൾ പെട്ടിയിലാക്കാൻ ലക്ഷ്യമിട്ട് ബിജെപി തന്ത്രം മെനയുന്നത്.
കഴിഞ്ഞ ദിവസം യെദിയൂരപ്പയുടെ വീട്ടിൽ വെച്ച് ചേർന്ന ലിംഗായത്ത് നേതാക്കളുടെ യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ലിംഗായത്ത് സമുദായാംഗത്തെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് യോഗത്തിൽ ഉയർന്ന നിർദ്ദേശം. കോൺഗ്രസ് പ്രചരണങ്ങളെ നേരിടാനുള്ള ശക്തമായ നിർദ്ദേശങ്ങളാണ് ചർച്ചയിൽ ഉയർന്നതെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതികരിച്ചു.

'ലിംഗായത്ത് മുഖ്യമന്ത്രി എന്ന നിർദ്ദേശം യോഗത്തിൽ ഉണ്ടായിരുന്നു. സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കണമെന്ന തങ്ങളുടെ ആവശ്യം യോഗത്തിൽ പങ്കെടുത്ത ധർമ്മേന്ദ്ര പ്രധാൻ ഹൈക്കമാന്റിനെ അറിയിക്കും', ബസവരാജ് വ്യക്തമാക്കി. ബി ജെ പി ലിംഗായത്ത് വിരുദ്ധ പാർട്ടിയാണെന്ന കോൺഗ്രസ് ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് ആണ് യഥാർത്ഥത്തിൽ ലിംഗായത്ത് വിരുദ്ധർ എന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം.
'1967 തൊട്ട് ഇതുവരെ ഒരു ലിംഗായത്ത് സമുദായാംഗത്തെ പോലും മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. സമുദായത്തെ കോൺഗ്രസ് വളരെ മോശമായി കൈകാര്യം ചെയ്ത നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. വോട്ട് ബാങ്കിന് വേണ്ടി സമുദായത്തെ തകർക്കാൻ കോൺഗ്രസ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ തവണ എല്ലാവരും കണ്ടതാണ്. ബിജെപിയിൽ എല്ലാവർക്കും അവസരങ്ങളും ബഹുമാനവും അംഗീകാരവും ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് ദളിതരേയും ലിംഗായത്ത് സമുദായത്തേയും പിന്നാക്ക വിഭാഗത്തേയും വഞ്ചിക്കുകയാണ് ചെയ്തത്', ബൊമ്മൈ കുറ്റപ്പെടുത്തി.
യെദിയൂരപ്പയെ മാറ്റി നിർത്തിയപ്പോൾ ലിംഗായത്ത് വിഭാഗത്തിന്റെ അതൃപ്തി മറികടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സമുദായാംഗം കൂടിയായ ബസവരാജ് ബൊമ്മൈയെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. എന്നാൽ യെദിയൂരപ്പയ്ക്കുള്ള സ്വാധീനം ബൊമ്മൈയ്ക്ക് സമുദായത്തിനിടയിൽ ഇല്ല. നിലവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് ബി ജെ പി പ്രചരണം നയിക്കുന്നത്. എങ്കിലും അധികാരം ലഭിച്ചാൽ ബൊമ്മൈ തന്നെയാകും നയിക്കുകയെന്നാണ് വിലയിരുത്തൽ.
ബൊമ്മൈയെ ഉയർത്തിക്കാട്ടിയാൽ സമുദായത്തിന്റെ പിന്തുണ ലഭിക്കുമോയെന്ന ആശങ്ക ബി ജെ പിക്കുണ്ട്. അതേസമയം മറ്റൊരു നേതാവിനെ ഉയർത്തിക്കാണിച്ചാൽ ബൊമ്മൈ സർക്കാർ വൻ പരാജയമായിരുന്നുവെന്ന പ്രചരണം കോൺഗ്രസ് ശക്തമാക്കും. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇത് വലിയ തിരിച്ചടിയാകുമെന്നും ബി ജെ പി ഭയക്കുന്നുണ്ട്.












Click it and Unblock the Notifications