കോണ്‍ഗ്രസിന് 8 കുറവ്, ബിജെപിക്ക് 5 കൂടുതല്‍; ഓപറേഷന്‍ താമരയില്‍ ബിഹാര്‍ ഭരണം മാറി
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത് കൃത്യമായ ആസൂത്രണത്തോടെ. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും വീണ്ടും മുഖ്യമന്ത്രിയായി തുടരാമെന്നും ഉറപ്പിച്ച ശേഷമായിരുന്നു രാജി. നിയമസഭയിലെ അംഗങ്ങളുടെ കൃത്യമായ പിന്തുണയും അദ്ദേഹം ഉറപ്പാക്കി. മാത്രമല്ല, കാണാതായ 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന്റെ മുന്നണി പോരാളിയായിരുന്നു നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരുവേള ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് നിതീഷിന്റെത്. അദ്ദേഹം സഖ്യം വിട്ട് ബിജെപിക്കൊപ്പം പോയത് ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ ചേരിയെ ദുര്‍ബലമാക്കി.

243 അംഗ നിയമസഭയാണ് ബിഹാറിലേത്. 122 അംഗങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിക്കോ മുന്നണിക്കോ ഭരണം നടത്താന്‍ സാധിക്കും. 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായത് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ആയിരുന്നു. ഇവര്‍ക്ക് 79 സീറ്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപിക്ക് 78 അംഗങ്ങളെ നിയമസഭയിലെത്തിക്കാന്‍ സാധിച്ചു.
ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ-എംഎല്‍ 12, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 4, സിപിഐ 2, സിപിഎം 2, മജ്‌ലിസ് 1, സ്വതന്ത്രന്‍ 1 എന്നിങ്ങെയാണ് ബിഹാര്‍ നിയമസഭയിലെ മറ്റു പാര്‍ട്ടികളുടെ അംഗബലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് കക്ഷികള്‍ ചേര്‍ന്നാണ് വിശാല സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ക്കുകയും ചെയ്തു.
അതേസമയം, നിതീഷ് കുമാര്‍ ബിജെപി പക്ഷത്തോട് ചേര്‍ന്നതോടെ ജെഡിയു-ബിജെപി സഖ്യത്തിന്റെ അംഗബലം 123 ആയി. ഇവര്‍ക്ക് ഭരണം നടത്താന്‍ മറ്റു തടസങ്ങളില്ല. മാത്രമല്ല, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുടെ നാല് അംഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ പുതിയ സര്‍ക്കാരിന് അഞ്ച് അംഗങ്ങളുടെ അധിക പിന്തുണയുണ്ട്.
മഹാസഖ്യത്തിന് ഇനി 114 അംഗങ്ങളുടെ പിന്തുണയേ ഉള്ളൂ. എട്ട് അംഗങ്ങളുടെ കുറവാണ് ഇവര്‍ക്കുള്ളത്. ഇതിനിടെയാണ് 9 കോണ്‍ഗ്രസ് അംഗങ്ങളെ കാണാനില്ലെന്നും ഇവര്‍ ബിജെപിക്കൊപ്പം പോയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍. ആര്‍ജെഡി മന്ത്രിമാരായിരുന്നവരെ നീക്കി പകരം ബിജെപി മന്ത്രിമാരെ നിയോഗിക്കാനാണ് ജെഡിയു-ബിജെപി ധാരണ.
നിതീഷ് മുഖ്യമന്ത്രിയായി തുടരുമ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ചുമതലയേറ്റേക്കും. ഇന്നു തന്നെ നിതീഷിന്റെ സത്യപ്രതിജ്ഞയുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യം മല്‍സരിക്കുമ്പോള്‍, തങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ആര്‍ജെഡിയുടെ പ്രതികരണം. ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുമെന്നും നിതീഷിനെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുമെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications