പ്രവാചക നിന്ദ; കാണ്‍പൂരില്‍ പ്രതിഷേധം, ലാത്തി ചാര്‍ജ്, ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
ലഖ്‌നൗ: ബിജെപി നേതാവ് പ്രവാചകനെ നിന്ദിച്ച സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പ്രതിഷേധം. നഗരത്തിലെ മൊത്തവിപണിയായ പരേഡ് മാര്‍ക്കറ്റില്‍ ഒട്ടേറെ കച്ചവടക്കാര്‍ കടകളടച്ച് പ്രതിഷേധിച്ചു. ബാക്കിയുള്ളവരോട് കടയടക്കാനും ഇവര്‍ ആവശ്യപ്പെട്ടു. ഒരു മുസ്ലിം സംഘടനയാണ് ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഉച്ചയ്ക്ക് നമസ്‌കാര ശേഷം ഇവര്‍ പ്രകടനം നടത്തി. പോലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതോടെ കല്ലേറുണ്ടായി. നാല് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ പ്രവചാകന്‍ മുഹമ്മദ് നബിയെ ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ചുവെന്നാണ് ആരോപണം. കാണ്‍പൂര്‍ നഗരത്തില്‍ പ്രതിഷേധവുമായി ഇരുവിഭാഗം തമ്പടിച്ചതോടെ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.

നുപുര്‍ ശര്‍മക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ശര്‍മയ്‌ക്കെതിരെ മഹാരാഷ്ട്ര പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താനെയിലെയും സൗത്ത് മുംബൈയിലെയും പോലീസ് സ്‌റ്റേഷനുകളിലാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഹൈദരാബാദില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. മുസ്ലിങ്ങള്‍ പവിത്രമായി കരുതുന്നതിനെ മോശമാക്കി ചിത്രീകരിച്ച നുപുര്‍ ശര്‍മ മാപ്പ് പറയണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകനെയും പത്‌നിമാരെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് നുപുര്‍ ശര്‍മയ്‌ക്കെതിരായ ആരോപണം. മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയലാണ് സൗത്ത് മുംബൈ പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, സൗഹാര്‍ദം തകര്‍ക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റസാ അകാദമിയുടെ മുംബൈയിലെ ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് ആണ് പരാതിക്കാരന്‍.
ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയത്തിലായിരുന്നു ചര്‍ച്ച. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ചാനല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നു. നുപൂര്‍ ശര്‍മയുടെ പ്രതികരണം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.
ചാനല്‍ ചര്‍ച്ചയിലെ നുപൂര്‍ ശര്‍മയുടെ പ്രതികരണം അടങ്ങിയ വീഡിയോ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് ശേഷം തനിക്ക് വധഭീഷണിയുണ്ടായി എന്ന് നുപൂര്‍ ശര്‍മ ആരോപിച്ചു. തനിക്കെതിരെ ഭീഷണി ഉയരാന്‍ കാരണം സുബൈര്‍ ആണെന്നും അവര്‍ കുറ്റപ്പെടുത്തി. ചാനല്‍ ചര്‍ച്ചയിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് സുബൈര്‍ പോസ്റ്റ് ചെയ്തതെന്നും നുപുര്‍ ശര്‍മ പറയുന്നു. സുബൈറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ജോലിയാണ് ചെയ്തതെന്ന് സുബൈര്‍ പ്രതികരിച്ചു.












Click it and Unblock the Notifications