ശക്തമായ സര്‍ക്കാരില്‍ നിന്ന് നടപടി പ്രതീക്ഷിക്കുന്നു; കേന്ദ്രസര്‍ക്കാരിനെ കൊട്ടി വീണ്ടും വരുണ്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനും ബി ജെ പി നേതൃത്വത്തിനും വീണ്ടും തലവേദന സൃഷ്ടിച്ച് എം പി വരുണ്‍ ഗാന്ധി. രാജ്യത്തെ സാമ്പത്തിക തട്ടിപ്പ് കേസിലെ കുറ്റവാളികള്‍ രാജ്യം വിട്ടത് ശക്തമായ സര്‍ക്കാര്‍ സംവിധാനം ഇല്ലാത്തത് മൂലമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയ് മല്യ, നീരവ് മോദി, ഋഷി അഗര്‍വാള്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കടബാധ്യതയില്‍ 14 ഓളം പേര്‍ രാജ്യത്ത് ദിനംപ്രതി ആത്മഹത്യ ചെയ്യുമ്പോള്‍ ഇത്തരം കോടീശ്വരന്മാരുടെ ജീവിതം ശോഭയുടെ കൊടുമുടിയിലാണ്.
ഒരു 'ശക്തമായ സര്‍ക്കാര്‍' ഈ അഴിമതി നിറഞ്ഞ സംവിധാനത്തിനെതിരെ 'ശക്തമായ നടപടി' സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 9000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് വിജയ് മല്യയുടെ പേരിലുള്ളത്. 14000 കോടി തട്ടിയെടുത്തുവെന്നാണ് നീരവ് മോദിയ്‌ക്കെതിരായ കേസ്. ഋഷി അഗര്‍വാളിന്റെ പേരില്‍ 23000 കോടി രൂപയുടെ തട്ടിപ്പാണുള്ളത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള എം പിയായ വരുണ്‍ ഗാന്ധി സമീപ കാല വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ വരുണ്‍ ഗാന്ധി പിന്തുണച്ചിരുന്നു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ വരുണ്‍ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പിച്ച് കൊന്ന കേസില്‍ മന്ത്രി പുത്രന്‍ പ്രതിയായതോടെ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും അദ്ദേഹം മടിച്ചിരുന്നില്ല. ഒരു വര്‍ഷം നീണ്ടുനിന്ന സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റും വീഡിയോയും വരുണ്‍ ഗാന്ധി പങ്കുവെച്ചിരുന്നു. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും സംബന്ധിച്ച് വരുണ്‍ ഗാന്ധി സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.

ഡിസംബറില്‍, പിലിഭിത്ത് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഒരു നിയമസഭാ മണ്ഡലത്തില്‍ രണ്ട് ദിവസത്തെ പര്യടനത്തിനിടെ, കരിമ്പിന് എം എസ് പി (മിനിമം താങ്ങുവില) വര്‍ധിപ്പിക്കുന്ന കാര്യം താന്‍ മാത്രമാണ് ഉന്നയിക്കുന്നതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു. ബി ജെ പിയിലെ മറ്റുള്ളവര്‍ക്ക് തങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിക്കില്ലെന്ന് ഭയക്കുന്നതിനാല്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം വിമര്‍ശനം കനത്തതോടെ ബി ജെ പി വരുണ്‍ ഗാന്ധിയ്‌ക്കെതിരെ നടപടിയെടുത്തിരുന്നു. ബി ജെ പിയുടെ ദേശീയ ഉന്നതാധികാര സമിതി പുനസംഘടിപ്പിച്ചപ്പോള്‍ വരുണ്‍ ഗാന്ധിയെ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതി യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും ഉന്നതാധികാര സമിതിയില്‍ താന്‍ ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നുമായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് വരുണ്‍ ഗാന്ധി പ്രതികരിച്ചിരുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയില്‍നിന്നും വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയിട്ടുമുണ്ട്. തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.

തൊഴിലില്ലായ്മ എന്ന വലിയ പ്രശ്‌നത്തില്‍നിന്നും മുഖം തിരിയ്ക്കുന്നത് പഞ്ഞി കൊണ്ട് തീ മൂടുന്നതിന് തുല്യമാണ് എന്നും വരുണ്‍ പറഞ്ഞിരുന്നു. ജെ എന്‍ യുവില്‍ പുതിയ വി സിയായി ശാന്തിശ്രീ ധൂളിപ്പടി പണ്ഡിറ്റിനെ നിയമിച്ചപ്പോള്‍ വരുണ്‍ ഗാന്ധി പങ്കുവെച്ച ട്വീറ്റും ബി ജെ പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശാന്തിശ്രീയുടെ പത്രക്കുറിപ്പിലെ വ്യാകരണ തെറ്റിനെ പരിഹസിച്ചായിരുന്നു വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നത്.












Click it and Unblock the Notifications