മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിക്ക്; പുതിയ പദ്ധതിയുമായി പാര്‍ട്ടി... മോദിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: മുസ്ലിം വോട്ടുകള്‍ ബിജെപിക്ക് കിട്ടില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയ ചിത്രം. ഈ പതിവ് രീതിക്ക് മാറ്റം വരികയാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ പോലും ബിജെപി സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട് ലഭിച്ചു. ബിജെപി ക്യാമ്പിലും ഞെട്ടലുണ്ടാക്കിയ ഈ മാറ്റം ഉത്തര്‍ പ്രദേശിലാണ്. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി ബിജെപി ഒരുക്കുന്നത്. മുസ്ലിങ്ങളിലെ പിന്നാക്ക വിഭാഗക്കാരെ കൂടെ നിര്‍ത്താനാണ് പദ്ധതി.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണം ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് പാര്‍ട്ടി ഘടകങ്ങള്‍ ഉറപ്പാക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണെന്ന് ഇവരെ ബോധിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഗുണം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പായും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി...

ഉത്തര്‍ പ്രദേശിലെ അസംഗഡ്, രാംപൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ബിജെപി ക്യാമ്പില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രണ്ട് മണ്ഡലങ്ങളിലും മുസ്ലിം വോട്ട് നിര്‍ണായകമാണ്. സമാജ്‌വാദി പാര്‍ട്ടി വര്‍ഷങ്ങളായി ജയിച്ചുവരുന്ന മണ്ഡലങ്ങളാണിവ. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടി.

ഉത്തര്‍ പ്രദേശില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8 ശതമാനം മുസ്ലിം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വീണ്ടും ഭരണത്തിലെത്തി. തൊട്ടുപിന്നാലെയാണ് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. അസംഗഡില്‍ മുസ്ലിം വോട്ട് അത്ര നിര്‍ണായകമല്ല. എന്നാല്‍ അങ്ങനയല്ല രാംപൂര്‍ മണ്ഡലത്തിലെ കാര്യങ്ങള്‍.

50 ശതമാനം മുസ്ലിം വോട്ടുള്ള മണ്ഡലമാണ് രാംപൂര്‍. എസ്പി നേതാവ് അസം ഖാന്‍ പതിവായി ജയിച്ചുവരുന്ന മണ്ഡലമാണിത്. ഇത്തവണ ബിജെപി ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഈ വിഷയമായിരുന്നു പ്രധാന ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു.

പസ്മന്ത മുസ്ലിങ്ങളെ കൂടെ നിര്‍ത്താനാണ് ബിജെപി തന്ത്രമൊരുക്കുന്നത്. ഉത്തരേന്ത്യന്‍ മുസ്ലിങ്ങളിലെ പിന്നാക്ക വിഭാഗമാണ് പസ്മന്തക്കാര്‍. ഈ വിഭാഗത്തെ കൂടെ നിര്‍ത്തിയാല്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പാണ്. സാധാരണ എസ്പിക്കും കോണ്‍ഗ്രസിനും ലഭിക്കുന്ന മുസ്ലിം വോട്ടുകള്‍ ബിജെപിക്ക് കൂടി ലഭിക്കുന്ന സാഹചര്യം വന്നാല്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായക ശക്തിയല്ലാതായി മാറും.

ഒബിസി വിഭാഗത്തിലാണ് പസ്മന്തകള്‍ ഉള്‍പ്പെടുക. പിന്നാക്കമെന്ന അര്‍ഥം വരുന്ന പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് പസ്മന്ത എന്ന വാക്കുണ്ടായത്. മുസ്ലിങ്ങളിലെ 80 ശതമാനവും ഈ ഗണത്തിലാണ് ഉള്‍പ്പെടുക. ഉത്തരേന്ത്യയില്‍ വരേണ്യ മുസ്ലിങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നാക്കമാണ് പസ്മന്ത വിഭാഗം. ഇവരെ കൂടെ നിര്‍ത്താനുള്ള പദ്ധതിയാണ് ബിജെപി ആവിഷ്‌കരിക്കുന്നത്.

വാരണാസി, മുറാദാബാദ് ഉള്‍പ്പെടെ ഉത്തര്‍ പ്രദേശിലെ ഒട്ടേറെ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിര്‍ണായക വോട്ട് ബാങ്കാണ് പസ്മന്തകള്‍. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വളരെ പിന്നാക്കമുള്ള മുസ്ലിങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ക്കിടയില്‍ വിശ്വാസപരമായി വിവേചനമില്ലെങ്കിലും കുടുംബപരമായി വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ വിവേചനം നേരിടുന്നവരാണ് പസ്മന്ത വിഭാഗം.

രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ മതിയായ പ്രാതിനിധ്യം വേണമെന്ന് പസ്മന്തകള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. ദളിത് മുസ്ലിങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്നതും ഇവരുടെ ആവശ്യമാണ്. യോഗി സര്‍ക്കാരിലെ ഏക മുസ്ലിം മന്ത്രിയായ ഡാനിഷ് ആസാദ് അന്‍സാരി പസ്മന്ത വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. എന്നാല്‍ ഈ വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കി മാത്രം കൂടെ നിര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് മുസ്ലിം രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബിജെപി നേതാക്കളുടെ മുസ്ലിം വിരുദ്ധ പ്രസ്താനവകള്‍ ഇതിനെല്ലാം തടസമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications