ഷിന്‍ഡെയുടെ മുസ്ലീം സ്നേഹം തട്ടിപ്പെന്ന് ബിജെപി
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെഴുതിയ കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്ത്. തീവ്രവാദത്തിന്റെ പേരില്‍ രാജ്യത്ത് നിരപരാധികളായ മുസ്ലീം യുവാക്കള്‍ ശിക്ഷിയ്ക്കപ്പെടരുതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിയ്ക്കണമെന്നുമാണ് ഷിന്‍ഡെ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം വോട്ട് നേടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് കത്തെന്ന് ബിജെപി പറയുന്നു.

എത്രയും വേഗം ആഭ്യന്തര മന്ത്രി ഉത്തരവ് പിന്‍വലിയ്ക്കണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ് ഈ നീക്കമെന്നും ബിജെപി നേതാവ് എം വെങ്കയ്യ നായിഡു പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഉത്തരവ് പുറപ്പെടുവിയ്‌ക്കേണ്ട സമയം ഇതല്ലെന്നും ഇത് തെരഞ്ഞെടുപ്പിന് മുന്നില്‍ കണ്ടുള്ള നടപടിയാണെന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു.
രാജ്യത്ത് നിരപരാധികളായ മുസ്ലീം യുവാക്കള്‍ ഇപ്പോഴും തീവ്രവാദ കേസുകളില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ടെന്നും തങ്ങള്‍ക്ക് ബോധപൂര്‍വ്വം നീതി നിഷേധിയ്ക്കുന്നു എന്നൊരു തോന്നല്‍ മുസ്ലീം യുവാക്കള്‍ക്കുണ്ടെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കത്തില്‍ പറയുന്നു.
മതിയായ തെളിവുകള്‍ പോലും ഇല്ലാതെ ഒട്ടേറെ മുസ്ലീം യുാവക്കള്‍ ജയിലില്‍ കഴിയുന്നുവെന്ന് കാട്ടി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കെ രഹ്മാന്‍ ഖാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications