രാജസ്ഥാനിൽ ഉടൻ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപി; പരിഗണനയിൽ ഇവർ
ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾക്ക് വേഗം കൂട്ടി ദേശീയ നേതൃത്വം. ഉടൻ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. നിലവിൽ ഏഴ് നേതാക്കളുടെ പേരുകളാണ് നേതൃത്വം പ്രധാനമായും പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേരിന് തന്നെയാണ് പ്രഥമ പരിഗണന. ഇത്തവണ ജൽരപതാൻ മണ്ഡലത്തിൽ നിന്നും 53000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വസുന്ധര വിജയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ്യമന്ത്രി കസേരയ്ക്കായി വസുന്ധര ചരടുകൾ നീക്കിയിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന് വസുന്ധരയോട് താത്പര്യമില്ലെന്നതാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളി. വസുന്ധരയെ ഒതുക്കാനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ പാർട്ടിയിൽ ആരംഭിച്ചിരുന്നു. ഇവരുടെ അനുയായികളായ നേതാക്കൾക്ക് സീറ്റ് നിഷേധിച്ച് വെട്ടിനിരത്തിയതടക്കം ഈ ലക്ഷ്യത്തോടെയായിരുന്നു.

അതേസമയം കുറഞ്ഞ ഭൂരിപക്ഷത്തിലാണ് സംസ്ഥാനഭരണം ലഭിച്ചതെങ്കിൽ വസുന്ധരയുടെ സമ്മർദ്ദത്തിന് ദേശീയ നേതൃത്വത്തിന് വഴങ്ങേണ്ടി വന്നേനെ. എന്നാൽ 200 അംഗ നിയമസഭയിൽ 115 സീറ്റ് നേടിയാണ് ബി ജെ പി വിജയം. അതുകൊണ്ട് തന്നെ വസുന്ധരയുടെ കാര്യത്തിൽ ബി ജെ പി ദേശീയ നേതൃത്വം മറിച്ച് ചിന്തിക്കാൻ സാധ്യത ഏറെയാണ്. അതേസമയം വസുന്ധരയെ പരിഗണിച്ചില്ലെങ്കിൽ ഒരു പക്ഷെ പാർട്ടിയിൽ മറ്റൊരു പൊട്ടിത്തെറിക്കുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ഏറെ കരുതലോടെയായിരിക്കും ബി ജെ പിയുടെ നീക്കം.
അതേസമയം ബി ജെ പി പരിഗണിക്കുന്ന മറ്റൊരു നേതാവ് ഗജേന്ദ്ര സിങ് ശെഖാവത് ആണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ തിളങ്ങുന്ന മുഖമായിരുന്നു ശെഖാവത്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമായ ജോധ്പൂരിൽ നിന്നുള്ള എംപിയാണ് ഷെഖാവത്ത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അശോക് ഗെലോട്ടിന്റെ മകൻ വൈഭവിനെ പരാജയപ്പെടുത്തിയായിരുന്നു ശെഖാവത് വിജയിച്ചത്. കേന്ദ്രമന്ത്രിയായ അദ്ദേഹത്തിനായി പാർട്ടിയിൽ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ബാബ ബാലക്നാഥ് ആണ് മൂന്നാമത്തെയാൾ.
രാജസ്ഥാനിലെ യോഗി ആദിത്യനാഥ് ആയാണ് ബാബ ബാലക് നാഥിനെ കണക്കാക്കുന്നത്. ആൽവാറിൽ നിന്നുള്ള എംപിയാണ് അദ്ദേഹം. സംസ്ഥാനത്തെ ജാതിമതസമവാക്യങ്ങളെ സ്വാധീനിക്കാൽ കെൽപ്പുള്ള നേതാവായിട്ടാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. ഇവരെ കൂടാതെ അർജുൻ റാം മേഘ്വാൾ, കിരോഡി ലാൽ മീണ,സിപി ജോഷി,ദിയ കുമാരി എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റ് പേരുകൾ.












Click it and Unblock the Notifications