ജമ്മു കശ്മീരില്‍ ബിജെപിക്ക് ബൂസ്റ്റ്: പിഡിപി ജില്ലാ പ്രസിഡൻ്റ് ഉള്‍പ്പെടേയുള്ളവർ പാർട്ടിയില്‍ ചേർന്നു
ജമ്മു: നിയമസഭ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ജമ്മു കശ്മീരില്‍ പി ഡി പി നേതാവ് ബി ജെ പിയില്‍ ചേർന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ജില്ലാ പ്രസിഡൻ്റ് ദപീന്ദർ സിംഗ് റോമിയും മറ്റ് നിരവധി ആളുകളുമാണ് കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേർന്നത്. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ ജമ്മു കശ്മീർ ബി ജെ പി വർക്കിംഗ് പ്രസിഡൻ്റ് സത് ശർമ്മയും ഡെപ്യൂട്ടി ഇൻചാർജ് ആശിഷ് സൂദും ചേർന്ന് അംഗത്വം നല്‍കി സ്വീകരിച്ചു.
പുതിയ അംഗങ്ങളുടെ കടന്നുവരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കള്‍ക്ക് സ്വീകരണം നല്‍കികൊണ്ട് ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നു, അവർ ബി ജെ പിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും' അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ ബി ജെ പി ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് കേന്ദ്രഭരണപ്രദേശത്ത് സമാധാനം കൊണ്ടുവന്നു. ആളുകൾ ഇപ്പോൾ അന്തസ്സോടെയാണ് ജീവിക്കുന്നത്. റെക്കോഡ് എണ്ണം വിനോദസഞ്ചാരികൾ പ്രദേശം സന്ദർശിക്കുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന സിനിമ ചിത്രീകരണം ജമ്മു കശ്മീരില്‍ പുനരാരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ തീവ്രവാദവും അശാന്തിയും വളർത്തുന്നതിൽ നാഷണൽ കോൺഫറൻസിനെയും (എൻ സി) കോൺഗ്രസിനെയും ബി ജെ പി നേതാവ് വിമർശിക്കുകയും ചെയ്തു. "ജയിലിൽ കിടക്കുന്ന തീവ്രവാദികളെയും കല്ലേറ് നടത്തുന്നവരെയും മോചിപ്പിക്കുമെന്ന് ഈ പാർട്ടികൾ ഇപ്പോൾ പറയുന്നു. അവർ ജമ്മു കശ്മീരിലേക്ക് മരണവും നാശവും തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, ആർട്ടിക്കിൾ 370, ഗുജ്ജറുകൾ, പഹാഡികൾ, ഒബിസികൾക്കുള്ള സംവരണാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ ഞാന്‍ വെല്ലുവിളിക്കുന്നതായും സത് ശർമ്മ പറഞ്ഞു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സൂദ് ബി ജെ പിയുടെ "വളരുന്ന" ജനപ്രീതിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. "ബി ജെ പിക്ക് ശക്തമായ പിന്തുണയുണ്ട്, ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിന്റെ വെളിച്ചത്തില്‍,പൂർണ്ണ ഭൂരിപക്ഷത്തോടെ ബി ജെ പി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications